പെരിന്തൽമണ്ണ ടൗണിൽ ട്രാഫിക് ജങ്ഷന് സമീപം റോഡിൽ കുടുങ്ങിയ കെ.എസ്.ആർ.ടി.സി ബസ് പൊലീസും യാത്രക്കാരും ചേർന്ന് തള്ളിനീക്കുന്നു, കാറിന്റെ പിൻഭാഗത്ത് ലോറി കൊളുത്തി രണ്ട് വാഹനങ്ങളും
നിശ്ചലമായ അവസ്ഥയിൽ
പെരിന്തൽമണ്ണ: ദേശീയപാതയിൽ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷന് സമീപം ചരക്ക് ലോറിയുടെ പിൻഭാഗത്തെ ഇരുമ്പുകവചം കാറിൽ കൊളുത്തി, കെ.എസ്.ആർ.ടി.സി ബസ് മുന്നോട്ടെടുക്കാൻ പറ്റാതെ നിശ്ചലമായി, രൂപപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്.
ശനിയാഴ്ച ഉച്ചക്ക് 2.45ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രാഫിക് ജങ്ഷനിൽ കോഴിക്കോട് റോഡിൽ വലിയ ചരക്ക് ലോറി കാറിന്റെ വലതുഭാഗത്ത് ഉരസുകയും പിൻഭാഗത്തെ ചക്രത്തിനിടയിൽ ലോറിയുടെ പിന്നിലെ ദണ്ഡ് കയറി രണ്ടു വാഹനവും മുന്നോട്ടെടുക്കാനാവാതെ കുടുങ്ങുകയുമായിരുന്നു. ഇതിന്റെ തൊട്ടുമുന്നിൽ സിഗ്നലിന് സമീപം കോഴിക്കോട് - പാലക്കാട് റൂട്ടിൽ സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസ് ബ്രേക്ക് ഡൗണാവുകയും ചെയ്തു.
ഇതോടെ യാത്രക്കാരെ ഇറക്കി അടുത്ത ബസിൽ കയറ്റിവിടാൻ ശ്രമം തുടങ്ങി. ഈ സമയത്തും ലോറിയിൽനിന്ന് കാർ വേർപെടുത്താൻ ശ്രമം തുടരുന്നുണ്ടായിരുന്നു. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ് കുമാർ സ്ഥലത്തെത്തി ഗതാഗതം ക്രമീകരിക്കാൻ ശ്രമിച്ചു.
സമീപത്തുള്ളവരും കടകളിലെ ജീവനക്കാരും ഡ്രൈവർമാരും ചേർന്ന് കാർ തള്ളിമാറ്റി വേർപെടുത്തിയതോടെ ലോറി മാറ്റിയിടാനായി.
ശേഷം കൂടിനിന്നവരും യാത്രക്കാരും പൊലീസും ചേർന്ന് ബസ് തള്ളി റോഡിന്റെ ഓരത്തേക്ക് നീക്കി. പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽനിന്ന് മെക്കാനിക് എത്തി അറ്റകുറ്റപ്പണി നടത്തി ബസ് ശരിയാക്കി. യാത്രക്കാർ ഇതേ ബസിൽതന്നെ യാത്ര തുടർന്നു. കോഴിക്കോട് ഡിപ്പോയിൽനിന്ന് പുറപ്പെട്ട നേരത്ത് ആളുകൾ തള്ളിനീക്കിയാണ് ബസ് സ്റ്റാർട്ട് ചെയ്തതെന്ന് ജീവനക്കാർ പറഞ്ഞു.
വാഹനങ്ങൾ നീക്കുന്നതുവരെ ദേശീയപാതയിൽ ഏറെനേരം ഗതാഗതം നിശ്ചലമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.