കണ്ണത്തെ ഖാദി നൂൽനൂൽപ് കേന്ദ്രം കാടുകയറിയ നിലയിൽ
കരുവാരകുണ്ട്: ഗാന്ധി സ്മൃതി നിലനിർത്താൻ ദാനം ചെയ്ത ഭൂമിയും കെട്ടിടവും മൂന്ന് പതിറ്റാണ്ടായി കാടുകയറിക്കിടക്കുന്നു. ഉടമസ്ഥാവകാശ തർക്കം നിലനിൽക്കുന്നതിനാലാണ് സംസ്ഥാന പാതയോരത്തെ അര ഏക്കറോളം കണ്ണായ ഭൂമി ആർക്കും ഉപകാരപ്പെടാതെ കിടക്കുന്നത്. കണ്ണത്തെ ആദ്യകാല അധ്യാപിക പുതുവിൽ സരസ്വതി അമ്മയുടേതാണ് ഭൂമി. 1980ൽ ഇവർ ഭൂമി തിരുവനന്തപുരത്തെ ഗാന്ധി സ്മാരക നിധിക്ക് ദാനാധാര പ്രകാരം കൈമാറി.
ഗാന്ധി സ്മൃതി നിലനിർത്തണമെന്ന് കുടുംബം വ്യവസ്ഥ വെച്ചതിനാൽ സ്മാരക നിധി ഇവിടെ കെട്ടിടം പണിത് നൂൽനൂൽപ് കേന്ദ്രം തുടങ്ങി. മുപ്പതോളം പേർക്ക് തൊഴിൽ നൽകിയിരുന്ന കേന്ദ്രം പക്ഷേ അഞ്ചുവർഷം മാത്രമേ പ്രവർത്തിച്ചുള്ളൂ. അടഞ്ഞുകിടന്നതോടെ വ്യവസ്ഥ പ്രകാരം ഭൂമി തിരികെ വേണമെന്ന ആവശ്യവുമായി കുടുംബം കോടതിയെ സമീപിച്ചു. കേസ് നീണ്ടതോടെ വിധിയും വന്നില്ല. ഇതോടെ വാർഡ് അംഗം നുഹ്മാൻ പാറമ്മൽ ഭൂമി വിട്ടുകിട്ടാൻ ശ്രമം തുടങ്ങി. ഭൂമി ഗ്രാമപഞ്ചായത്തിന് വിട്ടുനൽകാൻ സരസ്വതി അമ്മ തയാറാണ്. പക്ഷേ, സ്മാരക നിധി ട്രസ്റ്റ് ഒരുക്കമല്ല. എന്നാലും, നിരവധി പദ്ധതികൾക്ക് അനുയോജ്യമായ സ്ഥലം എന്ന നിലയിൽ ഇത് വിട്ടുകിട്ടാനുള്ള ശ്രമത്തിലാണ് നുഹ്മാൻ.
കരുവാരകുണ്ട്: ഖാദി നൂൽനൂൽപ് കേന്ദ്രം നിൽക്കുന്ന സ്ഥലം വിട്ടുകിട്ടിയാൽ ബഡ്സ് സ്കൂൾ കെട്ടിടം നിർമിക്കാൻ ഗ്രാമപഞ്ചായത്ത് തയാർ. ഭവനംപറമ്പിലെ താൽക്കാലിക കെട്ടിടത്തിൽ അസൗകര്യങ്ങളുടെ നടുവിലാണ് സ്കൂളുള്ളത്. ഗാന്ധി സ്മാരക നിധി പൂർണമായും സ്ഥലം വിട്ടുനൽകില്ലെങ്കിൽ, 30 വർഷത്തേക്കെങ്കിലും ലീസിന് നൽകണമെന്നാണ് ആവശ്യം. എങ്കിൽ, പഞ്ചായത്തിന് ഫണ്ട് വെക്കാൻ കഴിയും. ഉടമയായ സരസ്വതി അമ്മക്ക് ഒരു നിബന്ധനയേയുള്ളൂ, കേന്ദ്രത്തിന് അകാലത്തിൽ മരിച്ച മകന്റെ പേര് നൽകണം. ഹോമിയോ ഡിസ്പെൻസറി, ഡയാലിസിസ് സെന്റർ തുടങ്ങി സ്ഥലം ആവശ്യമുള്ള വേറെ പദ്ധതികളും ഗ്രാമപഞ്ചായത്തിന്റെ മുന്നിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.