പിക്അപ് വാനിൽ രഹസ്യ അറയിൽ സൂക്ഷിച്ച 1.24 കോടി കുഴൽപണം പിടികൂടി

പെരിന്തൽമണ്ണ: പിക്അപ് വാനിൽ രഹസ്യ അറയിൽ സൂക്ഷിച്ച് കടത്തുകയായിരുന്ന 1.24 കോടി പെരിന്തൽമണ്ണയിൽ പൊലീസ് പിടികൂടി. എടത്തനാട്ടുകര ചുങ്കൻ വീട്ടിൽ ഷംസുദ്ദീൻ (38), എടത്തനാട്ടുകര തൈക്കോട്ടിൽ ഷാഹുൽ ഹമീദ് (36) എന്നിവരിൽനിന്നാണ് പണം പിടികൂടിയത്. ഇവർ വന്ന പിക്അപ് വാഹനം പരിശോധിച്ചതിൽ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന 1,24,39,250 രൂപ കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിൽ എടുത്ത വാഹനവും രൂപയും പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. തുടർ നടപടികൾക്ക്​ നികുതി വിഭാഗത്തിനും എൻഫോഴ്സ്​മെന്‍റ്​ വിഭാഗത്തിനും റിപ്പോർട്ട് നൽകി. കുഴൽപണം കടത്തുന്നതായി ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന. പെരിന്തൽമണ്ണ ഡിവൈ.എസ്.പി സന്തോഷ് കുമാർ, ഇൻസ്പെക്ടർ സി. അലവി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ സി.കെ. നൗഷാദ്, ജൂനിയർ എസ്.ഐ ശൈലേഷ് എന്നിവർ നടത്തിയ വാഹന പരിശോധനക്കിടെ പാതായിക്കര തണ്ണീർപന്തലിൽനിന്നാണ് പിക്അപ് വാൻ കസ്റ്റഡിയിൽ എടുത്തത്. എ.എസ്.ഐ വിശ്വംഭരൻ, സി.പി.ഒ ഷൈജു മാത്യു, ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ സ്ക്വാഡ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.