സപ്തതി നിറവില്‍ രാമനാട്ടുകര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍; വാര്‍ഷികാഘോഷത്തിന് നാളെ തുടക്കമാകും

സപ്തതി നിറവില്‍ രാമനാട്ടുകര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് നാളെ തുടക്കമാകും കൊണ്ടോട്ടി: വൈദ്യരങ്ങാടി രാമനാട്ടുകര ഹയർ സെക്കന്‍ഡറി സ്‌കൂള്‍ സപ്തതിയുടെ നിറവില്‍ പുതു വിദ്യാഭ്യാസ വര്‍ഷത്തെ വരവേല്‍ക്കുന്നു. ഒരു വര്‍ഷം നീളുന്ന സപ്തതി ആഘോഷ പരിപാടികളാണ് വിദ്യാലയത്തില്‍ നടക്കുകയെന്ന് വിദ്യാലയ അധികൃതര്‍ കൊണ്ടോട്ടിയില്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വാഴയൂര്‍ പഞ്ചായത്തിലെ കാരാട്പറമ്പിലെ എള്ളാത്ത് മാധവപ്പണിക്കര്‍, അധ്യാപകനായ ഗോപാലന്‍ കുട്ടി പണിക്കര്‍, സ്വാതന്ത്ര്യ സമര സേനാനി കുഞ്ഞിരാമപ്പണിക്കര്‍ എന്നിവര്‍ ചേര്‍ന്ന് 1951ലാണ് മേഖലയിലെ ആദ്യ പൊതുവിദ്യകേന്ദ്രത്തിന് തുടക്കമിട്ടത്. മിഡില്‍ സ്കൂളായി തുടങ്ങിയ സ്ഥാപനം 1954ല്‍ ഹൈസ്കൂളായും 2010ല്‍ ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ത്തി. കേന്ദ്ര സർക്കാറിന്‍റെ അഭിയാന്‍ പദ്ധതി കോഴിക്കോട് എന്‍.ഐ.ടിയുമായി ചേര്‍ന്ന് ആവിഷ്കരിച്ച രാഷ്ട്രീയ ആവിഷ്കാര്‍ 'നേത്ര' പദ്ധതി നടപ്പാക്കിയ ജില്ലയിലെ ഏക വിദ്യാലയം കൂടിയാണിത്. സപ്തതി ആഘോഷം ശനിയാഴ്ച രാവിലെ 10ന് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ സമര സേനാനിയും സ്കൂള്‍ സംഘം സ്ഥാപക സെക്രട്ടറിയുമായിരുന്ന എള്ളാത്ത് ഗോപാലന്‍കുട്ടി പണിക്കര്‍ സപ്തതി മന്ദിരത്തിന്‍റെ ഉദ്ഘാടനം, വിദ്യാലയത്തിന്‍റെ വളര്‍ച്ചക്കായി പ്രവര്‍ത്തിച്ച ആദ്യകാല ഇംഗ്ലീഷ് അധ്യാപകന്‍ മാടമ്പത്ത് കളത്തില്‍ വേലപ്പമേനോന്‍റെ പേരില്‍ സ്ഥാപിച്ച പൈതൃകമന്ദിരത്തിന്‍റെ സമര്‍പ്പണം, ഹയര്‍ സെക്കന്‍ഡറി ഗണിതശാസ്ത്ര ലാബിന്‍റെയും ഊട്ടുപുരയുടെയും ഉദ്​ഘാടനം തുടങ്ങിയ പരിപാടികള്‍ ചടങ്ങില്‍ നടക്കും. ടി.വി. ഇബ്രാഹീം എം.എല്‍.എ അധ്യക്ഷത വഹിക്കും. പൂര്‍വാധ്യാപകരും ജനപ്രതിനിധികളും പങ്കെടുക്കും. പ്രിന്‍സിപ്പല്‍ എം. സുനില്‍, പ്രോഗ്രാം കമ്മറ്റി ചെയര്‍മാന്‍ കെ. ചന്ദ്രദാസന്‍, ഹെഡ്മാസ്റ്റര്‍ കെ. മുരളീധരന്‍, മാനേജ്‌മെന്‍റ്​ കമ്മിറ്റി അംഗം സത്യന്‍ നീലാട്ട്, പി.ടി.എ വൈസ് പ്രസിഡന്‍റ്​ ബദറുദ്ദീന്‍ പേങ്ങാട്ട് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.