കരിപ്പൂരിൽ വലിയ വിമാനത്തിനായുള്ള കാത്തിരിപ്പ്​ തുടരും

കരിപ്പൂർ: കോഴിക്കോട്​ വിമാനത്താവളത്തിൽനിന്ന്​ വലിയ വിമാന സർവിസുകൾക്കായുള്ള കാത്തിരിപ്പ്​ തുടരും. റൺവേ അനുബന്ധ വികസനം സാധ്യമാക്കാതെ വലിയ സർവിസുകൾ പുനരാരംഭിക്കാനാകില്ലെന്നാണ്​ കഴിഞ്ഞദിവസം കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പാർലമെന്‍റിൽ വ്യക്തമാക്കിയത്​. വർഷങ്ങളോളം സർവിസ്​ നടത്തിയ വലിയ വിമാനങ്ങൾ 2015ൽ റൺവേ നവീകരണത്തിന്‍റെ പേരിലാണ്​ നിർത്തിയത്​. പിന്നീട്​ നിരന്തര ഇടപെടലുകൾക്കൊടുവിൽ 2018ലാണ്​ പുനഃസ്ഥാപിച്ചത്​. 2020 ആഗസ്റ്റിലെ അപകടത്തിന്‍റെ പേരിലാണ്​ വീണ്ടും നിർത്തിയത്​. ഇനി പുനരാരംഭിക്കണമെങ്കിൽ റെസ 240 മീറ്ററായി വർധി​പ്പിക്കേണ്ടി വരും. സർക്കാർ ഭൂമി ഏറ്റെടുത്ത്​ നൽകിയാലും നടപടികൾ പൂർത്തിയാകാൻ സമയം എടുക്കും. ഇതുവരെ വിഷയം ഔദ്യോഗികമായി വിമാനത്താവള അതോറിറ്റി സർക്കാറിനെ അറിയിച്ചിട്ടില്ല. സംസ്ഥാന സർക്കാറിനോട്​ തന്നെ ഏറ്റെടുത്ത്​ നൽകാനാണ്​ കേന്ദ്രം ആവശ്യപ്പെട്ടത്​. അനുകൂല തീരുമാനമുണ്ടായാൽ ഭൂമി ഏറ്റെടുക്കുന്നതിന്​ ഉത്തരവ്​ ഇറക്കണം. തുടർന്ന്​ സാമൂഹികാഘാത പഠനം നടത്തണം. തുടർച്ചയായി വിജ്ഞാപനം ഇറക്കി ഭൂമി നഷ്ടപ്പെടുന്നവരിൽനിന്ന്​ ഹിയറിങ്​ നടത്തിയ​ ശേഷമാണ്​ നഷ്ടപരിഹാര തുക നിശ്ചയിക്കുക. ഈ നടപടികളെല്ലാം പൂർത്തിയാക്കിയ​ ശേഷമേ നിർമാണ പ്രവൃത്തി ആരംഭിക്കാൻ സാധിക്കൂ. വലിയ ഉയരത്തിൽ മണ്ണിടേണ്ടതിനാൽ ഇതിനും കാലതാമസം എടുക്കും. ഭൂമി ഏറ്റെടുക്കൽ നടപടികളും നിർമാണ പ്രവൃത്തിയും വൈകുന്നതിന്​ അനുസരിച്ച്​ കരിപ്പൂരിൽ വലിയ വിമാന സർവിസുകൾ പുനരാരംഭിക്കുന്നതും നീളും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.