യൂത്ത് ലീഗും എം.എസ്.എഫും നടത്തുന്നത് അപഹാസ്യ സമരം

താനൂർ: താനൂർ ഗവ. കോളജ് കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് യൂത്ത്​ ലീഗും എം.എസ്.എഫും നടത്തുന്നത് അപഹാസ്യ സമരമാണെന്ന്​ ഡി.വൈ.എഫ്​.ഐ താനൂർ ബ്ലോക്ക് കമ്മിറ്റി. ഒഴൂരിൽ കണ്ടെത്തിയ ഭൂമിയിൽ കെട്ടിട നിർമാണവുമായി മുന്നോട്ടുപോകാനിരിക്കെ പദ്ധതിക്ക് തടസ്സം നിന്നത് മുസ്​ലിം ലീഗാണ്​. ഇത് മറച്ചുപിടിച്ചാണ് യൂത്ത് ലീഗും എം.എസ്.എഫും മന്ത്രിക്കെതിരെ സമരം നടത്തുന്നത്. എം.എസ്.എഫ്​ മാർച്ച് നടത്തേണ്ടത് മുസ്​ലിം ലീഗ് ഓഫിസിലേക്കാണെന്നും കമ്മിറ്റി കുറ്റപ്പെടുത്തി. കോളജിന്​ സ്വന്തമായി സ്ഥലം കണ്ടെത്താനോ കെട്ടിടം നിർമിക്കാനോ യു.ഡി.എഫ് സർക്കാറിന് കഴിഞ്ഞില്ല. ഫിഷറീസ് സ്കൂളിനോട് ചേർന്ന് ഫിഷറീസ് വകുപ്പിന്‍റെ സ്ഥലത്ത് ആസ്ബസ്​റ്റോസ് ഷീറ്റ് മേഞ്ഞ് സെമി പെർമനന്‍റ്​ കെട്ടിടം നിർമിക്കുകയാണ് ഉണ്ടായത്​. ഇവിടെ കോളജ് പ്രവർത്തനം പ്രയാസമാണെന്ന് കുട്ടികളടക്കം പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് എൽ.ഡി.എഫ് സർക്കാർ സൗകര്യപ്രദമായ ഭൂമി കണ്ടെത്താൻ തീരുമാനിച്ചത്. ഒഴൂർ പഞ്ചായത്തിൽ അഞ്ചര ഏക്കർ ഭൂമി കണ്ടെത്തി സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കി. എന്നാൽ, മുസ്​ലിം ലീഗ് ഭരിക്കുന്ന താനൂർ നഗരസഭയും മുൻ നഗരസഭ കൗൺസിലറും ഹൈകോടതിയിൽ നൽകിയ പരാതിയെ തുടർന്ന് രണ്ടര വർഷത്തോളം ടെൻഡർ ക്ഷണിക്കാനോ, കെട്ടിട നിർമാണത്തിനോ കഴിഞ്ഞില്ല. നിയമ പോരാട്ടത്തിനൊടുവിൽ ടെൻഡർ ക്ഷണിച്ച ദിവസം എം.എസ്.എഫിന്‍റെ നേതൃത്വത്തിൽ മന്ത്രിയുടെ ഓഫിസിലേക്ക് മാർച്ച് സംഘടിപ്പിച്ചിരുന്നു. മുടക്കാൻ ശ്രമിച്ചവർ തന്നെ പദ്ധതി എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് പറയുന്നതിലെ യുക്തി ജനങ്ങൾ തിരിച്ചറിയണമെന്നും ഡി.വൈ.എഫ്​.ഐ താനൂർ ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.