പാലക്കാട്​ നഗരസഭ കൗൺസിൽ; അക്കൗണ്ടിനെ ചൊല്ലിയും ബഹളം

പാലക്കാട്​: അമൃത്​ പദ്ധതിയിൽ നഗരസഭയിലെ വിവിധ റോഡുകൾ പുനരുദ്ധരിക്കുന്നതുമായി ബന്ധപ്പെട്ട്​ പുതിയ ബാങ്ക്​ അക്കൗണ്ട്​ തുടങ്ങാൻ അനുമതി തേടി ചേർന്ന സ്​പെഷൽ കൗൺസിൽ യോഗത്തിൽ ബഹളം. രണ്ട്​ തവണ ദീർഘിപ്പിച്ച പദ്ധതിയുടെ കാലാവധി മാർച്ചിൽ പൂർത്തിയാവാനിരിക്കെ പുതിയ അക്കൗണ്ട്​ തുടങ്ങുന്നത്​ കണ്ണിൽ പൊടിയിടാനാണെന്ന്​ പ്രതിപക്ഷ കക്ഷികൾ ആരോപിച്ചു. കഴിഞ്ഞ ദിവസം നഗരസഭയിലുണ്ടായ കൈയാങ്കളിൽ പ്രതിഷേധിച്ച്​ ഹെൽ​മെറ്റ്​ ധരിച്ച്​ മെഡിക്കൽ കിറ്റുമായാണ്​ യു.ഡി.എഫ്​, എൽ.ഡി.എഫ്​ കൗൺസിലർമാർ യോഗത്തിനെത്തിയത്​. അമൃത് പദ്ധതിയിൽ റോഡ് റെസ്റ്റോറേഷന്​ 30.82 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 8.49 കോടിയാണ്​ ഇതുവരെ വിനിയോഗിച്ചതെന്ന്​ കൗൺസിലർമാർ ചൂണ്ടിക്കാട്ടി. അമൃത്​ പദ്ധതി പ്രകാരം അനുമതി നൽകുന്ന സമയത്ത് നഗരസഭയിൽ റോഡ് കട്ടിങ്ങിന് അടക്കേണ്ട തുകയാണ് റെസ്റ്റോറേഷൻ തുക. ഇത് നഗരസഭയുടെ നിയന്ത്രണത്തിലായിരിക്കേണ്ട തുകയാണ്. ഈ തുക ഇപ്പോൾ അമൃത് അക്കൗണ്ടിൽ നിന്നാണ് വിനിയോഗിക്കപ്പെടുന്നതെന്ന്​ ചെയർപേഴ്​സൻ പറഞ്ഞു. പുതിയ നിർദേശം കഴിഞ്ഞ ജൂലൈ മുതൽ പ്രാബല്യത്തിൽ വന്നതോടെ നിലവിൽ ഇന്ത്യൻ ബാങ്ക് പാലക്കാട് ബ്രാഞ്ചിൽ ഫണ്ടുകളില്ല. സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം തൈക്കാട് ബ്രാഞ്ചിലാണ് ഫണ്ടുള്ളത്. 2022 മാർച്ച് 31ന് ശേഷം അമൃത് മിഷൻ കാലാവധി കഴിയുന്നതോടെ കേന്ദ്രവിഹിതം ലഭ്യമാകുന്നത് സംബന്ധിച്ച് ബുദ്ധിമുട്ട് നേരിട്ടാൽ നിലവിൽ റെസ്റ്റോറേഷൻ പ്രവൃത്തി നടക്കുന്ന റോഡ് വിനിയോഗത്തെ ബാധിച്ചേക്കാം. ഇത്​ കണക്കിലെടുത്താണ്​ 2022 മാർച്ച് 31ന് മുമ്പ് 30.82 കോടി രൂപയിൽ നിന്ന്​ വിനിയോഗിച്ച തുകയായ 8.49 കോടി കഴിച്ച് 22.33 കോടിയുടെ 95 ശതമാനമായ 21 .21 കോടി മറ്റൊരു സേവിംഗ്സ് അക്കൗണ്ട് തുടങ്ങി മാറ്റുന്നതെന്നും ചെയർപേഴ്​സൻ പ്രിജ. കെ അജയൻ പറഞ്ഞു. എന്നാൽ, സാ​ങ്കേതികത്വം മറയാക്കി ജനങ്ങളെ വഞ്ചിക്കുകയാണ്​ ഭരണപക്ഷമെന്ന്​ ഇടത്​, വലത്​ കൗൺസിലർമാർ ആരോപിച്ചു. നഗരസഭ റോഡുകളിൽ ദുരിതയാത്ര തുടരു​മ്പോഴും ഭരണപക്ഷം യാതൊന്നും ചെയ്യാതെ പദ്ധതി നീട്ടാൻ ശ്രമിക്കുകയാണെന്നും ആരോപണമുയർന്നു. ജല ​അതോറിറ്റി പ്രവൃത്തി പൂർത്തിയാക്കി എല്ലാ റോഡുകളും വിട്ടുനൽകിയതായി അമൃത്‌ എ.ഇ സ്മിത കൗൺസിലിനെ അറിയിച്ചു. 82 എസ്റ്റിമേറ്റ്‌ തയാറാക്കിയിരുന്നു. 62 റോഡുകളിൽ പുനരുദ്ധാരണപ്രവൃത്തികൾ പൂർത്തിയാക്കിയിട്ടുണ്ട്‌. വരും ദിവസങ്ങളിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാനാകുമെന്നും സ്മിത കൗൺസിലിനെ അറിയിച്ചു. പ്രതിപക്ഷ ബഹളത്തിനിടെ അജണ്ട പാസാക്കി യോഗം പിരിയുകയായിരുന്നു. pew council പാലക്കാട്​ നഗരസഭ കൗൺസിൽ യോഗത്തിൽ നടന്ന കൈയേറ്റത്തിൽ പ്രതിഷേധിച്ച്​ പ്രതിപക്ഷ കൗൺസിലർമാർ ഹെൽമെറ്റ്​ ധരി​ച്ചെത്തിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.