സാധ്യമായ എല്ലാ ചികിത്സകളും നൽകിയെന്ന് ആശുപത്രി അധികൃതർ പെരിന്തൽമണ്ണ: വാഹനാപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിലെത്തിച്ച യുവതി പിറ്റേദിവസം മരിച്ചതിനെ തുടർന്ന് നാട്ടുകാരും യുവതിയുടെ ബന്ധുക്കളും ആശുപത്രിയിൽ ബഹളം വെക്കുകയും കൈയേറ്റം നടത്തുകയും ചെയ്തതായി പരാതി. പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 9.15ഓടെ യാണ് സംഭവം. താഴേക്കോട് കാപ്പുമുഖം വാക്കയിൽ ഫാത്തിമത്ത് ഷമീബ (26) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 2.45ന് താഴേക്കോട് കാപ്പുമുഖത്തു നിന്ന് പെരിന്തൽമണ്ണയിലേക്ക് വരുമ്പോൾ ഓട്ടോയും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം. വലത് കാലിന്‍റെ തുടയെല്ലിനാണ് കാര്യമായി പരിക്കേറ്റത്. ആശുപത്രി അധികൃതരുടെ അനാസ്ഥയിലാണ് മരിച്ചതെന്ന് ആരോപിച്ചായിരുന്നു ബഹളം. രോഗിയുടെ നാട്ടുകാരും ബന്ധുക്കളും ഉൾപ്പെടെ ഒരുസംഘം ഐ.സി.യുവിൽ ഇരച്ചുകയറി ഡോക്ടർമാരെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും കൈയേറ്റം ചെയ്യുകയും ചെയ്തെന്ന് ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു. പൊലീസ് എത്തിയാണ് പ്രശ്നക്കാരെ നിയന്ത്രിച്ചത്. സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. 12,000 രൂപ നഷ്ടം ഉണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിന് മഞ്ചേരി ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ബന്ധുക്കളും ആശുപത്രി മാനേജ്മെന്‍റും നടത്തിയ ചർച്ചയിൽ കുറ്റക്കാരാണെങ്കിൽ ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി. ഐ.സി.യു ചാർജുണ്ടായിരുന്ന ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റിനിർത്തി വിശദ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മെഡിക്കൽ സൂപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തതായി ആശുപത്രി മാനേജ്മെന്‍റ് അറിയിച്ചു. അതേസമയം, യുവതിക്ക് സാധ്യമായ എല്ലാ ചികിത്സകളും നൽകിയിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു. കാപ്പുമുഖത്ത് നിന്ന് ഒറ്റപ്പാലത്തേക്ക് വിവാഹം ചെയ്ത് അയച്ച ഫാത്തിമത്ത് ഷമീബ വീട്ടിൽ വിരുന്നെത്തിയതാണ്. അടുത്ത ദിവസം മടങ്ങുന്നതിന് മുമ്പായി പെരിന്തൽമണ്ണയിൽ സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു. മൂന്ന് കുട്ടികളാണിവർക്ക്. .................................... ആശുപത്രിയിൽ കൈയേറ്റം നടത്തിയവരെ അറസ്റ്റ് ചെയ്യണം -ഐ.എം.എ പെരിന്തൽമണ്ണ: ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്ന യുവതി മരിച്ച സംഭവത്തിൽ ഇ.എം.എസ് ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ അക്രമിക്കുകയും ഉപകരണങ്ങൾ കേട് വരുത്തുകയും ചെയ്തതിനെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അപലപിച്ചു. പരിഷ്കൃതമായ ഈ കാലത്ത് നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് നടത്തുന്ന ഇത്തരം തോന്നിവാസങ്ങളെ വെച്ച് പൊറുപ്പിക്കാൻ അനുവദിക്കാവുന്നതല്ലെന്ന് ഐ.എം.എ പെരിന്തൽമണ്ണ ബ്രാഞ്ച് വാർത്താകുറിപ്പിൽ വ്യക്തമാക്കി. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം. ഇത്തരം ആക്രമണങ്ങൾ ഭാവിയിൽ ഇല്ലാതിരിക്കാൻ മാതൃകാപരമായ ശിക്ഷ നൽകണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.