ജില്ല പഞ്ചായത്ത്​ മുൻ ഭരണസമിതിക്കെതിരെ ഓഡിറ്റ്​ റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ

മലപ്പുറം: സംസ്ഥാന ഓഡിറ്റ്​ വിഭാഗം തയാറാക്കിയ 2019-20 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിൽ ജില്ല പഞ്ചായത്ത്​ മുൻ ഭരണസമിതിക്കെതിരെ ഗുരുതര പരാമർശങ്ങൾ. ​നടപടിക്രമങ്ങൾ പാലിക്കാതെ നിർവഹണ ഏജൻസി മുഖേന പ്രോജക്​ട്​ നിർവഹണം നടത്തിയതടക്കമുള്ള പരാമർശങ്ങളാണ്​ ഓഡിറ്റ്​ റിപ്പോർട്ടിലുള്ളത്​. ............................................................................................... ഓഫിസ്​ നവീകരണത്തിൽ വീഴ്ച എൻജിനീയറിങ്​​ വകുപ്പിന്‍റെ പൂർണമായ മേൽനോട്ടത്തിലാണ്​ പ്രവൃത്തികൾ നിർവഹിക്കേണ്ടത്​. ഈ മാനദണ്ഡം പാലിക്കാതെയാണ്​ ജില്ല പഞ്ചായത്ത്​ ഓഫിസ്​ നവീകരണം നടത്തിയത്​. സ്വന്തമായി എക്സിക്യൂട്ടീവ്​ എൻജിനീയറുടെ കീഴിൽ വിപുലമായ സാ​ങ്കേതിക വിഭാഗം ജില്ല പഞ്ചായത്തിനുണ്ട്​. എന്നാൽ ഈ പദ്ധതിക്ക്​ എസ്റ്റിമേറ്റ്​ തയാറാക്കിയതും സാ​ങ്കേതികാനുമതി നൽകിയതും ആർട്ട്​കോ എന്ന സ്ഥാപനമാണ്​. ഇത്​ പഞ്ചായത്ത്​ രാജ്​ ചട്ടങ്ങൾക്ക്​ വിരുദ്ധമാണെന്നും പറയുന്നു. ജില്ല പഞ്ചായത്തിന്‍റെ 7.14 കോടി രൂപയാണ്​ ജല അതോറിറ്റി, വൈദ്യുതി, ഭൂഗർഭ ജല വകുപ്പുകളിലായി ഡെപ്പോസിറ്റ്​ എന്ന പേരിൽ കുടുങ്ങി കിടക്കുന്നത്​. ഫണ്ട്​ മറ്റ്​ വകുപ്പുകളിൽ അവശേഷിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു. ............................................................................................... എയ്​ഡഡ്​ സ്കൂളുകളിലെ ടോയ്​ലറ്റ്​ നിർമാണത്തിലും അപാകത എയ്​ഡഡ്​ സ്കൂളുകളിലെ ടോയ്​ലറ്റ്​ നിർമാണത്തിലും അപാകതകളുള്ളതായി പരാമർശിക്കുന്നു. പഞ്ചായത്ത്​ രാജ്​ നിയമപ്രകാരം സർക്കാർ സ്കൂളുകളുടെ നടത്തിപ്പ്​ മാത്രമാണ്​ ജില്ല പഞ്ചായത്ത്​ ചുമതലയിലുള്ളത്​. നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെ ചുമതലയിൽ അല്ലാത്ത മേഖലയിൽ ഫണ്ട്​ ചെലവഴിക്കുന്നതിന്​ സർക്കാർ അനുമതി ആവശ്യമാണ്​. എന്നാൽ, എയ്​ഡഡ്​ സ്കൂളുകളിൽ ആസ്തി സൃഷ്ടിച്ച്​ നൽകിയതിന്​ സർക്കാറിൽനിന്ന്​ മുൻകൂർ അനുമതി നേടിയിട്ടില്ല. എയ്​ഡഡ്​ സ്കൂളിൽ നിർമാണ പ്രവർത്തനം നടത്തണമെന്ന്​ സ്കൂൾ മാനേജ്​മെന്‍റ്​ കമ്മിറ്റി രേഖാമൂലം അപേക്ഷ നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്​. ............................................................................................... എൻജിനീയറിങ്​ വിഭാഗത്തിന്‍റെ പദ്ധതി നിർവഹണം കാര്യക്ഷമമല്ല ജില്ല പഞ്ചായത്ത്​ നിയന്ത്രണത്തിലുള്ള ഫാമുകളിൽ നിന്നും ലഭിക്കുന്ന വരുമാനം അടവാക്കുന്നതിൽ വ്യക്​തമായ വിവരങ്ങൾ ജില്ല പഞ്ചായത്തിനെ അറിയിക്കുന്നില്ല. കിൻഫ്രയിൽ പാട്ടത്തിനെടുത്ത കെട്ടിടത്തിന്‍റെ വാടക പിരിക്കുന്നതിലും തുടർനടപടി കൈക്കൊള്ളുന്നതിലും വീഴ്ചയുണ്ടായി. എൻജിനീയറിങ്​ വിഭാഗത്തിന്‍റെ പദ്ധതി നിർവഹണം കാര്യക്ഷമമല്ല. ഇവർ നടപ്പിലാക്കിയ പ്രവൃത്തികളിൽ അധിക നിരക്ക്​ നൽകിയതായി കാണുന്നു. നിയമപരമായ കാലാവധിക്കുള്ളിൽ കരാർ പൂർത്തിയാക്കാത്തതിന്​ പിഴ ഈടാക്കാത്തത്​ സംബന്ധിച്ചും ജില്ലയിലെ എസ്​.സി കോളനികളിൽ സോളാർ എൽ.ഇ.ഡി മിനിമാസ്റ്റ്​ സ്ഥാപിക്കൽ പ്രോജക്ട്​, തിരൂർ ജില്ല ആശുപത്രി, ചേതന ഹോമിയോ ആശുപത്രി എന്നിവിടങ്ങളിൽ മരുന്നും ഉപകരണങ്ങളും പൂർണമായും ലഭിക്കാത്തത്​ സംബന്ധിച്ചും റിപ്പോർട്ടിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.