ഈന്തുംകരി കോളനിയിൽ കുടിവെള്ളമെത്തിച്ച് എസ്.ബി.ഐ കമ്യൂണിറ്റി സർവിസ്

ഇരിട്ടി: വര്‍ഷങ്ങളായി കുടിവെള്ളമില്ലാതെ വിഷമിച്ച അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി ഈന്തുംകരി കോളനിയിലെ മുഴുവൻ വീടുകൾക്കും കുടിവെള്ളമെത്തിച്ച് എസ്.ബി.ഐ കമ്യൂണിറ്റി സർവിസ്. കോളനിയിലെ 27 വീടുകൾക്കും അവരുടെ മുറ്റത്ത് ടാപ്പുകൾ സ്ഥാപിച്ച് സ്​റ്റേറ്റ്​ ബാങ്ക് ഓഫ് ഇന്ത്യ കമ്യൂണിറ്റി സർവിസ് ഫണ്ട്​ ഉപയോഗിച്ച് കുടിവെള്ളമെത്തിച്ചത്. കോളനിയിൽ വർഷങ്ങൾക്ക് മുമ്പ്​ വാട്ടർടാങ്ക് നിർമിച്ച് കുടിവെള്ളം നൽകാനുള്ള പദ്ധതി തുടങ്ങിയിരുന്നെങ്കിലും വർഷങ്ങളായി ഈ പദ്ധതി മുടങ്ങിക്കിടക്കുകയായിരുന്നു. ഇതിലേക്ക് വെള്ളം നൽകുന്ന കിണർ വേനൽക്കാലമാകുന്നതോടെ വറ്റിവരളുന്നതിനാലാണ്​ പദ്ധതി പാടെ ഉപേക്ഷിക്കേണ്ടി വന്നത്. കുടിവെള്ളം നിലച്ചതോടെ കോളനിവാസികൾ വേനൽക്കാലങ്ങളിൽ അടുത്തുള്ള പുഴയെ ആണ് ആശ്രയിക്കാറുള്ളത്. ഇവിടെ ചെറിയ കുഴികുത്തി അതിൽനിന്നും ലഭിക്കുന്ന വെള്ളമാണ് കുടിക്കാൻ ഇവർ ഉപയോഗിച്ചുവന്നത്. കോളനിവാസികളുടെ കഷ്​ടപ്പാട് ചിലർ എസ്.ബി.ഐ കമ്യൂണിറ്റി സർവിസ് വിഭാഗം അംഗങ്ങളെ അറിയിച്ചതോടെയാണ് ഒരു വര്‍ഷം മുമ്പ്​ ഇവർ പദ്ധതി ഏറ്റെടുത്തത്. ഇതിനായി നാലിടങ്ങളിലായി കുഴൽക്കിണർ കുഴിക്കാനുള്ള ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് കോളനിയിലെതന്നെ വേനൽ അടുക്കുന്നതോടെ വറ്റിവരളുന്ന കിണർ ആഴംകൂട്ടി റിങ്ങുകൾ സ്ഥാപിക്കുകയായിരുന്നു. കഴിഞ്ഞ വേനലിനുമുമ്പ്​ പദ്ധതി പൂർത്തിയാക്കാൻ ശ്രമിക്കുന്നതിനിടെ വന്ന ലോക്ഡൗൺ കാരണം പ്രവൃത്തി നീളുകയായിരുന്നു. എസ്.ബി.ഐ കാസർകോട്​ റീജനൽ മാനേജർ ആർ.വി. സുരേഷ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. വാർഡ് അംഗം പ്രിയ കെ. ജോൺ അധ്യക്ഷതവഹിച്ചു. കണ്ണൂർ റീജനൽ മാനേജർ മനോജ്, ജോസ് കല്ലമ്മാരിൽ, എം.എസ്. ബിജിലാൽ, കെ.വി. സുരേഷ് എന്നിവർ സംസാരിച്ചു. എം.ആർ. സുരേഷ് സ്വാഗതവും പ്രിജുകുമാർ നന്ദിയും പറഞ്ഞു. കോളനിയിലെ എല്ലാ കുടുംബങ്ങൾക്കും വെള്ളം ശേഖരിച്ചുവെക്കാനുള്ള സ്​റ്റീൽ പാത്രങ്ങളും ഇവിടത്തെ അംഗൻവാടിയിലെ കുട്ടികൾക്കായി സൈക്കിളുകളും മറ്റു കളിസാധനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.