പഴശ്ശിസാഗര്‍ ജലവൈദ്യുത പദ്ധതി നിര്‍മാണം നിര്‍ത്തിവെച്ചു

മട്ടന്നൂര്‍: പഴശ്ശിസാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ നിര്‍മാണം താൽകാലികമായി നിര്‍ത്തിവെച്ചു. തുരങ്ക നിര്‍മാണം നടക്കുന്ന പ്രദേശത്ത് മഴകാരണം വെള്ളം കയറിയതാണ് പ്രവൃത്തി നിര്‍ത്താന്‍ ഇടയാക്കിയത്. മഴ പ്രതികൂലമായി ബാധിച്ചതോടെ കണ്ണൂരി​ൻെറ സ്വപ്നപദ്ധതി ഇനിയുംവൈകും. പഴശ്ശിസാഗര്‍ മിനി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിലവില്‍ നിര്‍മാണം നടത്തിയിരുന്നത് വെള്ളം എത്തിക്കാനുള്ള തുരങ്കങ്ങളുടേതായിരുന്നു. സംഭരണിയുടെ ഭാഗത്ത് വലിയ ഒരു തുരങ്കവും പുഴയുടെ ഭാഗത്ത് രണ്ട് ചെറിയ തുരങ്കവുമായിരുന്നു നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. 270 മീറ്റര്‍ നീളത്തിലാണ് നിര്‍മാണം. ഇതില്‍പുഴയുടെ ഭാഗത്തുള്ള രണ്ട് തുരങ്കത്തി​ൻെറ നിര്‍മാണമാണ് ആരംഭിച്ചിരുന്നത്. രണ്ടു തുരങ്കവും 80 മീറ്ററോളം നീളത്തില്‍ പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് തുരങ്കവും പദ്ധതിയുടെ പകുതി ആകുന്നിടത്ത് വലിയ തുരങ്കത്തിലേക്ക് ചേര്‍ന്ന് ഒന്നാകുന്ന തരത്തിലാണ് നിർമാണം. ഒക്ടോബര്‍- നവംബര്‍ മാസത്തിനുള്ളില്‍ തുരങ്ക നിർമാണം പൂര്‍ത്തീകരിക്കാൻ ലക്ഷ്യമിട്ടു നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് മഴ പ്രതിസന്ധിയായത്. എതിര്‍വശത്തു തുരങ്കം നിര്‍മിക്കാന്‍ താഴ്ചകൂട്ടുന്ന പ്രവൃത്തിയും നടക്കുന്നുണ്ടായിരുന്നു. പദ്ധതിപ്രദേശത്ത് കനത്ത മഴ പെയ്തതോടെ നിര്‍മാണം നടന്നിരുന്ന രണ്ടു തുരങ്കങ്ങളും വെള്ളത്തിനടിയിലായി. വെള്ളംവറ്റിച്ച ശേഷമേ പ്രവൃത്തി തുടരാന്‍ കഴിയുകയുള്ളൂ. മഴ തുടരുന്നതിനാല്‍ വെള്ളംവറ്റിച്ചതുകൊണ്ട് കാര്യമില്ല എന്നതാണ് സ്ഥിതി. ഇതു കരാറുകാരെ ആശങ്കയിലാഴ്ത്തുകയാണ്. ഈ സാഹചര്യത്തില്‍ നിർമാണ കാലാവധി വര്‍ധിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കെ.എസ്.ഇ.ബി.യുടെ പൂർണ മേല്‍നോട്ടത്തില്‍ പഴശ്ശി പദ്ധതിയിലെ വെള്ളം പ്രയോജനപ്പെടുത്തിയാണ് 3.05 ഹെക്ടര്‍ സ്ഥലത്ത് 79.85 കോടി രൂപ ചെലവില്‍ പദ്ധതി നിർമാണം. 7.5 മെഗാവാട്ട് സ്ഥാപിതശേഷിയുള്ള പദ്ധതിയില്‍ നിന്നു പ്രതിവര്‍ഷം 25.16 മില്യന്‍ യൂനിറ്റ് വൈദ്യുതിയാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.