സ്വന്തം ലേഖകൻ തലശ്ശേരി: പാചകവാതകം കയറ്റിപ്പോകുന്ന ടാങ്കർ ലോറികളിൽ മതിയായ സുരക്ഷാസംവിധാനം ഉറപ്പാക്കുന്നില്ലെന്ന് പരാതി ഉയരുന്നു. ദീർഘദൂരം ഒാടേണ്ട ലോറികളിൽ ഒരു ഡ്രൈവർ മാത്രമേ കാണൂ. രാത്രികാലങ്ങളിൽ ഇത്തരം ലോറികൾ അപകടത്തിൽപെട്ടാൽ ഡ്രൈവർക്ക് സഹായത്തിനുപോലും തുണയായി ആരുമുണ്ടാവില്ലെന്നാണ് നിലവിലുള്ള അവസ്ഥ. അശ്രദ്ധകാരണം വർഷത്തിൽ ചെറുതും വലുതുമായ നിരവധി ടാങ്കർ അപകടങ്ങൾ സംഭവിക്കുമ്പോഴും ഇത് നിയന്ത്രിക്കേണ്ട അധികൃതർക്ക് ഒട്ടും കൂസലില്ല. എട്ടുവർഷം മുമ്പ് കണ്ണൂർ ചാലയിൽ ഗ്യാസ് ടാങ്കർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ കയറി മറിഞ്ഞ അപകടത്തിൽ 20 പേർ മരിച്ച സംഭവത്തെ തുടർന്ന് പാചകപാതകം, പെട്രോളിയം തുടങ്ങിയവ കൊണ്ടുപോവുന്ന വലിയ വാഹനങ്ങളുടെ പരിശോധന അധികൃതർ കർശനമാക്കിയിരുന്നു. ഇത്തരം വാഹനങ്ങളിലെ ഡ്രൈവർമാരുടെ പക്കൽ സിഗരറ്റ് ലൈറ്റർ ഉണ്ടോ എന്നുപോലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചിരുന്നു. വാഹനത്തിൽ പാചക സൗകര്യങ്ങളോ മൊബൈൽ റീചാർജിനുള്ള സൗകര്യങ്ങളോ ഇല്ലെന്നുകൂടി ഉറപ്പാക്കാൻ ഉത്തരവാദപ്പെട്ടവരിൽ നിന്ന് നിർദേശമുണ്ടായിരുന്നു. അന്നത്തെ ട്രാൻസ്പോർട്ട് കമീഷണർ ഋഷിരാജ് സിങ് ഇക്കാര്യത്തിൽ പ്രത്യേക താൽപര്യവുമെടുത്തിരുന്നു. ഗ്യാസ് ടാങ്കറുകളിൽ ഡ്രൈവറും ജാഗ്രതക്ക് മറ്റൊരാളും ഉണ്ടാവണം. ഹെഡ് ലൈറ്റ്, ബാക്ക് ലൈറ്റ് ഉൾപ്പെടെ മുഴുവൻ ലൈറ്റുകളും കുറ്റമറ്റതാവണം. ടയറുകൾ തേയ്മാനം വന്നതാവരുത്. അഗ്നിരക്ഷ ഉപകരണങ്ങൾ നിർബന്ധം. ഇത്തരത്തിലുള്ള 25 നിർദേശങ്ങളാണ് ഋഷിരാജ് സിങ് നൽകിയത്. കുറച്ചുനാൾ ഇത് പാലിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് കാര്യങ്ങൾ പഴയ പടിയായി. ഒരു ഡ്രൈവർ മാത്രമാണ് ഇപ്പോൾ ദീർഘദൂര ഓട്ടം നടത്തുന്ന ടാങ്കറുകളിലുള്ളത്. മംഗളൂരുവിൽനിന്ന് കൊച്ചിയിലേക്കുളള യാത്രക്കിടയിൽ തലശ്ശേരി ജില്ല കോടതി പരിസരത്ത് ബുധനാഴ്ച രാവിലെ മറിഞ്ഞ ഗ്യാസ് ടാങ്കർ ലോറി വലിയ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. പതിനേഴര ടൺ പാചകവാതകമാണ് കാപ്സ്യൂൾ ടാങ്കറിലുണ്ടായിരുന്നത്. ദേശീയപാതയിലുണ്ടായ അപകടം നാട്ടുകാരെ ഏറെ ആശങ്കയിലാഴ്ത്തിയിരുന്നു. ടാങ്കർ ഡ്രൈവർ ഗൂഡല്ലൂർ സ്വദേശി എം. ശിവകുമാറിനെതിരെ ഐ.പി.സി 279ാം വകുപ്പ് പ്രകാരം തലശ്ശേരി പൊലീസ് കേസെടുത്തിട്ടുണ്ട്. മനുഷ്യജീവന് അപകടം വരുത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനം ഓടിച്ചുവെന്നതാണ് കുറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.