കണ്ണിൽ പൊടിയിടാൻ ഗൈനക്കോളജി വിഭാഗത്തിൽ രണ്ടു ഡോക്ടർമാർക്ക് നിയമനം

കണ്ണിൽ പൊടിയിടാൻ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാർക്ക് നിയമനം മഞ്ചേരി: ഡോക്ടർമാരില്ലാതെ താൽക്കാലികമായി നിർത്തിവെച്ച മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ രണ്ട് ഡോക്ടർമാർക്ക് നിയമനം. അസി. പ്രഫസർ, സീനിയർ റസിഡൻറ് എന്നിവർക്കാണ് നിയമനം. പ്രതിസന്ധി പരിഹരിക്കാൻ എറണാകുളം മെഡിക്കൽ കോളജിൽനിന്ന് രണ്ടാഴ്ചത്തേക്കാണ് പുതിയ ഡോക്ടർമാരെ നിയമിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്. ഡോക്ടർമാരുടെ കുറവുനികത്തണമെന്നാവശ്യപ്പെട്ട് വകുപ്പ് മേധാവി പലതവണ ആരോഗ്യവകുപ്പിനെ സമീപിച്ചിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. ഒടുവിൽ ചൊവ്വാഴ്ച മുതൽ പുതിയ ഗർഭിണികളെ പ്രവേശിപ്പിക്കണ്ടെന്ന് തീരുമാനിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യാനായിരുന്നു തീരുമാനം. ബുധനാഴ്ച വിദേശത്തുനിന്നെത്തിയ യുവതിയെ കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു. ഇതോടെയാണ് താൽക്കാലികമായി രണ്ട് ഡോക്ർമാരെ നിയമിച്ചത്. കോവിഡ് പ്രത്യേക ചികിത്സാകേന്ദ്രമാക്കിയതോടെ വിദേശത്തുനിന്നും അന്തർസംസ്ഥാനങ്ങളിൽനിന്നും എത്തുന്ന ഗർഭിണികളെ മഞ്ചേരിയിലാണ് പ്രവേശിപ്പിക്കുന്നത്. ഇവരെ ചികിത്സിക്കാൻ ആകെ മൂന്ന് ഡോക്ടർമാരാണ് ഉണ്ടായിരുന്നത്. ഗൈനക്കോളജി വിഭാഗത്തിലെ ആറ് ഡോക്ടർമാരെ ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് സ്ഥലംമാറ്റുകയും പുറമെ ആറ് പി.ജി വിദ്യാർഥികളും ബോണ്ട് കാലാവധി പൂർത്തിയാക്കി മടങ്ങുകയും ചെയ്തു. ഇതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. മറ്റുജില്ലകളെ അപേക്ഷിച്ച്​ കൂടുതൽ പ്രസവ കേസുകളാണ് ഇവിടെ നടക്കുന്നത്. രണ്ടാഴ്ച കഴിഞ്ഞാൽ വീണ്ടും പഴയപോലെ ആവുമോയെന്ന ആശങ്കയിലാണ് ഡോക്ടർമാർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.