ഉച്ച ഭക്ഷണത്തിന് പകരം കിറ്റ്; ജില്ലയിൽ വിതരണം ആരംഭിച്ചു 957 സ്കൂളുകളിൽ 3,50,790 കിറ്റുകൾ 20ന് മുമ്പ് വിതരണം ചെയ്യും മലപ്പുറം: ജില്ലയിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാംക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് ആഹാരസാധനങ്ങളുടെ കിറ്റ് വിതരണം തുടങ്ങി. അരിയും പലവ്യഞ്ജനവും ഉൾപ്പെടെ ഒമ്പതിനങ്ങളാണ് വിതരണം ചെയ്യുന്നത്. രണ്ട് കിലോ അരി, കടല, ചെറുപയർ, പരിപ്പ് എന്നിവ അരക്കിലോ, ആട്ട, ഉപ്പ്, മുളകുപൊടി, മഞ്ഞൾ എന്നിവയാണ് കിറ്റിലുള്ളത്. സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ കുട്ടികൾക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി അതത് പ്രദേശത്തെ മാവേലി സ്റ്റോറുകളുടെ നേതൃത്വത്തിലാണ് കിറ്റുകൾ പാക് ചെയ്യുന്നത്. അവ സ്കൂളുകളിൽ എത്തിച്ച് വിതരണം ചെയ്യും. മഞ്ചേരി, പൊന്നാനി, പെരിന്തൽമണ്ണ, തിരൂർ എന്നീ സപ്ലൈകോ ഡിപ്പോകൾക്കാണ് ഏകോപന ചുമതല. ഈ ഡിപ്പോകൾക്ക് കീഴിൽ 957 സ്കൂളുകളിൽ 3,50,790 കിറ്റുകൾ ജൂലൈ 20ന് മുമ്പ് വിതരണം ചെയ്യും. പ്രീപ്രൈമറി വിഭാഗത്തിനാണ് ആദ്യഘട്ടത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നത്. അവ പൂർത്തിയായശേഷം എൽ.പി, യു.പി വിദ്യാർഥികൾക്ക് വിതരണം ചെയ്യും. മഞ്ചേരി ഡിപ്പോക്ക് കീഴിൽ 287 സ്കൂളുകളാണുള്ളത്. 9000ഓളം പ്രൈമറി വിദ്യാർഥികൾക്കുള്ള കിറ്റുകളിൽ 1800 പേർക്ക് വിതരണത്തിന് തയാറായി. 60,000 കിറ്റുകൾ എൽ.പിക്കും 30,000 യു.പി സ്കൂൾ വിദ്യാർഥികൾക്കും വിതരണം ചെയ്യും. പെരിന്തൽമണ്ണ ഡിപ്പോയിൽ 205 സ്കൂളുകളിൽ 81,609 കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രീപ്രൈമറി വിഭാഗത്തിൽ 8357 കിറ്റുകൾ വിതരണം ചെയ്യാനുള്ളതിൽ 5323 എണ്ണം സ്കൂളുകളിൽ എത്തിച്ചു. എൽ.പിയിൽ 44,014 കിറ്റുകളും യു.പിയിൽ 29,208 കിറ്റുകളും വിതരണം ചെയ്യും. തിരൂർ ഡിപ്പോക്ക് കീഴിൽ 330 സ്കൂളുകളിലായി 1,31,974 കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. പ്രീ പ്രൈമറിക്ക് 10,631 കിറ്റുകളും എൽ.പിക്ക് 73,570 കിറ്റുകളും യു.പിക്ക് 47,773 കിറ്റുകളും വിതരണം ചെയ്യും. അതിൽ പ്രീപ്രൈമറിക്ക് 5000ഓളം കിറ്റുകൾ വിതരണം ചെയ്തു. പൊന്നാനി ഡിപ്പോക്ക് കീഴിൽ 132 സ്കൂളുകളിലായി 38,207 കിറ്റുകളാണ് വിതരണം ചെയ്യുന്നത്. 1200ഓളം കിറ്റുകൾ പാക്ക് ചെയ്ത് സ്കൂളുകളിൽ എത്തിച്ചു. m3ma1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.