മിഥുനോത്സവത്തിന് വെള്ളിയാഴ്ച തുടക്കം

കുന്നംകുളം: ഫോറം ഫോര്‍ ആര്‍ട്‌സ് ആൻഡ്​ കള്‍ച്ചറല്‍ ഇവന്റ്‌സിന്റെ (ഫെയ്‌സ്) ആഭിമുഖ്യത്തില്‍ ഒരു മാസം നീളുന്ന 'മിഥുനോത്സവം' സാംസ്കാരികോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകുമെന്ന് വി.കെ. ശ്രീരാമൻ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. റീഡേഴ്‌സ് ഫോറം, ഫിലിം സൊസൈറ്റി, നാടകവേദി, കഥകളി ക്ലബ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് സാംസ്കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആറിന് കുന്നംകുളം മുനിസിപ്പല്‍ ലൈബ്രറി അങ്കണത്തില്‍ കുന്നംകുളം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ കേരള ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ചലച്ചിത്രോത്സവത്തോടെയാണ് മിഥുനോത്സവത്തിന് തുടക്കമിടുന്നത്. 29ന് വൈകീട്ട് അഞ്ചിന് റീഡേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ലൈബ്രറി അങ്കണത്തില്‍ ചങ്ങമ്പുഴ കവിതയും കാലബന്ധവും എന്ന വിഷയത്തെ അധികരിച്ച് ഡോ. സുനില്‍ പി. ഇളയിടം പ്രഭാഷണം നടത്തും. ജൂലൈ 10ന് വൈകീട്ട് ആറിന് നഗരസഭ ടൗണ്‍ഹാളില്‍ ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടിയ ഹരിനാരായണന് അനുമോദനവും സ്വീകരണവും നല്‍കും. തുടര്‍ന്ന് കുന്നംകുളം നാടകവേദിയുടെ സംഘാടനത്തില്‍ ലിറ്റില്‍ എര്‍ത്ത് സ്കൂള്‍ ഓഫ് തിയറ്റേഴ്‌സ് അവതരിപ്പിക്കുന്ന ക്ലാവര്‍ റാണി എന്ന നാടകം അരങ്ങേറും. ജൂലൈ 24ന് വൈകീട്ട് ആറിന് കുന്നംകുളം കഥകളി ക്ലബിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോൺസ് ബഥനി ഹൈസ്കൂള്‍ അങ്കണത്തില്‍ നളചരിതം ഒന്നാം ദിവസം കഥകളിയും ഉണ്ടാകും. വാര്‍ത്തസമ്മേളനത്തില്‍ ഫെയ്‌സ് സെക്രട്ടറി അഡ്വ. പ്രിനു പി. വര്‍ക്കി, പി.ജി. ജയപ്രകാശ്, പി.എസ്. ഷാനു, വി.സി. വർഗീസ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.