ബധിര കായികതാരങ്ങൾക്ക്​ സംവരണം: കേന്ദ്ര ഉത്തരവ്​ നടപ്പായില്ല

സമീൽ ഇല്ലിക്കൽ മലപ്പുറം: ബധിര കായികതാരങ്ങൾക്ക്​ കേന്ദ്രസർക്കാർ സർവിസിൽ സംവരണം നൽകാൻ ഉത്തരവിറങ്ങി രണ്ടു വർഷത്തോളമായെങ്കിലും നടപടിയായില്ല. 2020 സെപ്​റ്റംബർ ഒന്നിന്​ കേന്ദ്ര പേഴ്​സനൽ, പെൻഷൻ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ്​ ബധിര കായികതാരങ്ങളെ കായികതാരങ്ങൾക്കുള്ള സംവരണപ്പട്ടികയിൽ ഉൾപ്പെടുത്തിയത്​. ഇതുപ്രകാരം വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സി വിഭാഗത്തിൽ വരുന്ന നിയമനങ്ങൾക്ക്​ ഇവർക്കും അർഹതയുണ്ട്​. സംവരണത്തിന്​ അർഹതയുള്ള 63 കായിക ഇനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയിൽ 17ാമതായാണ്​ ബധിര കായികതാരങ്ങളെ ഉൾപ്പെടുത്തിയത്​. നിലവിൽ ഈ വിഭാഗത്തിൽ ആർക്കും നിയമനം നൽകിയതായി അറിവില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ പൊതുവെ കേന്ദ്രസർക്കാറിന്‍റെ നിയമന മാനദണ്ഡങ്ങളാണ്​ പിന്തുടരാറ്​. എന്നാൽ, അവിടെയും ഇത്തരത്തിൽ നിയമന നടപടി സ്വീകരിച്ചതായി വിവരമില്ല. സംസ്ഥാന സർക്കാറും നിലവിൽ ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കേരള സംസ്ഥാന ബധിര അസോസിയേഷന്‍റെ നേതൃത്വത്തിൽ 2019ൽ പി. അബ്ദുൽ ഹമീദ്​ ചെയർമാനായ നിയമസഭ ഭിന്നശേഷി കമീഷനെ കണ്ട്​ വിഷയം ഉണർത്തിയിരുന്നു. കമീഷൻ അനുഭാവപൂർണം ഇത്​ പരിഗണിക്കുകയും സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉത്തരവിറക്കിയെങ്കിലും സംസ്ഥാന സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. പി.എസ്​.സിക്കുപുറമെ എംപ്ലോയ്​മെന്‍റ്​ എക്സ്​ചേഞ്ച്​ അടക്കമുള്ളയിടങ്ങളിലെ നിയമനങ്ങളിലും ഇവരെ പരിഗണിക്കാൻ സർക്കാർ ഉത്തരവുണ്ടാകണം. നേരത്തേ ഈ വിഷയത്തിൽ അനുഭാവപൂർണമായ നിലപാട്​ സ്വീകരിച്ച സംസ്ഥാന സർക്കാർ വൈകാതെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ്​ ബധിര അസോസിയേഷനടക്കമുള്ളവർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.