തെരുവ് നായ ശല്യം രൂക്ഷം; കാവുംപുറം മേഖലയിൽ രണ്ട് ദിവസത്തിനിടെ എട്ട് പേർക്ക് കടിയേറ്റു

വളാഞ്ചേരി: തെരുവ് നായ്​ ശല്യം രൂക്ഷമായ കാവുംപുറം മേഖലയിൽ ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർക്ക് കടിയേറ്റു. രണ്ട്​ ദിവസത്തിനുള്ളിലായാണ് ഇവർക്ക് കടിയേറ്റത്. നഗരസഭയിലെ കാവുംപുറം, മുരിങ്ങാത്താഴം, പടിഞ്ഞാക്കര തുടങ്ങിയ പ്രദേശങ്ങളിലുള്ളവരാണ് കടിയേറ്റവരിൽ ഏറെയും. കാവുംപുറത്തെ ആയുർവേദ ആശുപത്രിയിൽ ചികിത്സക്കായി എത്തിയ ഇരിമ്പിളിയം സ്വദേശി തുടിമ്മൽ ഫാറൂഖിന്​ (34) കഴിഞ്ഞ ദിവസം നായുടെ കടിയേറ്റിരുന്നു. കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയെ നായിൽനിന്ന്​ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇദ്ദേഹത്തിന് കടിയേറ്റത്. ഇതര സംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ വിവിധ ആളുകൾ താമസിക്കുന്ന ഇടങ്ങളിൽ നിന്നുള്ള മാലിന്യം ഒഴിഞ്ഞ പറമ്പിലും തോടുകളിലും വലിച്ചെറിയുന്നത് തെരുവുനായ്ക്കൾ വർധിക്കാൻ കാരണമാവുന്നു. റോഡിനോട് ചേർന്ന് കുറ്റിക്കാടുകൾ വളർന്ന സ്ഥലങ്ങളിൽ രാത്രി ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയുന്നതും തെരുവു നായ്ക്കളുടെ വളർച്ചയ്ക്കിടയാക്കുന്നു. ഒഴിഞ്ഞ പറമ്പിലും മറ്റും തെരുവു നായ്ക്കൾ കൂട്ടം ചേർന്ന് നിൽക്കുന്നത് കാരണം സ്കൂളുകളിലേക്കും മദ്​റസകളിലേക്കും ചെറിയ കുട്ടികളെ കൊണ്ടുവിടേണ്ട അവസ്ഥയാണ്. പേവിഷബാധക്കുള്ള വാക്സിൻ എടുക്കാൻ മഞ്ചേരി മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്​. ആവശ്യത്തിന് വാക്സിൻ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ ഒരുക്കിയാൽ മെഡിക്കൽ കോളജിനെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. തെരുവുനായ്ക്കളിൽനിന്ന്​ പ്രദേശത്തുള്ളവർക്ക് സംരക്ഷണം നൽകാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് നഗരസഭ കൗൺസിലർ സദാനന്ദൻ കോട്ടീരി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.