താൽക്കാലിക കെട്ടിടത്തിലെയും പഠനം അനിശ്ചിതത്വത്തിൽ; പഠിക്കാനിടമില്ലാതെ കാഞ്ഞിരമുക്ക് ജി.എൽ.പി സ്കൂളിലെ വിദ്യാർഥികൾ

മാറഞ്ചേരി: കാഞ്ഞിരമുക്ക് കരിങ്കല്ലത്താണി ഗവ. എൽ.പി സ്കൂളിന് സ്വന്തം കെട്ടിടമില്ലാതായതോടെ വിദ്യാർഥികളുടെ പഠനം അനിശ്ചിതത്വത്തിൽ. മുമ്പ് പ്രവർത്തിച്ചിരുന്ന വാടകക്കെട്ടിടത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെത്തുടർന്ന് താൽക്കാലികമായി പ്രവർത്തിക്കുന്ന അവിണ്ടിത്തറ നൂറുൽ ഹുദ മദ്​റസയിൽനിന്ന്​ സ്കൂളിന്റെ പ്രവർത്തനം ജൂൺ 30നകം മാറ്റണമെന്നാവശ്യപ്പെട്ട് ഭാരവാഹികൾ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകി. 1924ൽ തുടങ്ങിയ സ്കൂൾ ദേവകി അമ്മയുടെ ഉടമസ്ഥതയിൽ 34 സെന്റ് സ്ഥലത്ത്​ നിർമിച്ച കെട്ടിടത്തിൽ വാടകക്കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിച്ചിരുന്നത്. ആകെയുള്ള ഭൂമിയിൽ 1924ൽ ഉണ്ടാക്കിയ വാടകക്കരാർ റദ്ദ് ചെയ്യുന്ന മുറക്ക് 17 സെന്റ് പുതിയ സ്കൂൾ കെട്ടിടം നിർമിക്കാൻ വിട്ടുതരാൻ സ്ഥലമുടമ തയാറാണെങ്കിലും വാടകക്കരാർ റദ്‌ചെയ്യുന്നത് ചുവപ്പുനാടയിൽ കുരുങ്ങി. ഇതോടെ സ്കൂൾ കെട്ടിടത്തിന്റെ പുനർനിർമാണവും അറ്റകുറ്റപ്പണിയും നിലച്ചു. എന്നാൽ, മദ്​റസക്ക് വേണ്ടി തയാറാക്കിയ ബാത്ത് റൂം അടക്കമുള്ള പരിമിതസൗകര്യങ്ങൾ കാലത്തുമുതൽ വൈകീട്ട് വരെ പ്രവർത്തിക്കുന്ന സ്കൂളിന് വേണ്ടി പ്രയോജനപ്പെടുത്തിയതോടെ ഉടലെടുത്ത ബുദ്ധിമുട്ടുകൾ മദ്​റസയുടെ പ്രവർത്തനത്തെ ബാധിച്ചതും അനുവദനീയ കാലാവധി കഴിഞ്ഞതുമാണ് അധികൃതരെ പഞ്ചായത്തിന് കത്ത് നൽകാൻ നിർബന്ധിതരാക്കിയത്. 49 വിദ്യാർഥികളാണ് ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളിൽ പഠിക്കുന്നത്. കഴിഞ്ഞ വർഷം വിരമിച്ച പ്രധാനാധ്യാപികക്ക്​ പകരം പുതിയ നിയമനം നടക്കാത്തതും സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. നിലവിലെ നാല്​ അധ്യാപകരിൽ ഒരാൾക്കാണ് പ്രധാനാധ്യാപികയുടെ താൽക്കാലിക ചുമതല. കാഞ്ഞിരമുക്ക് കാരക്കാട് സ്കൂൾ പ്രവർത്തിച്ചിരുന്ന കെട്ടിടവും സ്ഥലവും ഏറ്റെടുക്കാൻ തടസ്സമായ നിയമപ്രശ്നങ്ങൾ പരിഹരിക്കാൻ അധികൃതർ മുന്നോട്ടുവരണമെന്നും പഴയ കെട്ടിടത്തിൽ ആവശ്യമായ അറ്റകുറ്റപ്പണി നടത്തി പ്രവർത്തനയോഗ്യമാക്കുന്നതുവരെ നിലവിലെ സൗകര്യത്തിലെങ്കിലും വിദ്യാർഥികളുടെ പഠനം തുടരാൻ സൗകര്യം ഒരുക്കണമെന്നും പി.ടി.എ ഭാരവാഹികളും നാട്ടുകാരും ആവശ്യപ്പെട്ടു. Photo: MP PNN1 കാഞ്ഞിരമുക്ക് ജി.എൽ.പി സ്കൂൾ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.