ഗവ. മെഡിക്കൽ കോളജ് വികസന സമിതി യോഗം ഇന്ന്

മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയുടെ എച്ച്.ഡി.എസ് ജനറൽ ബോഡി യോഗം ബുധനാഴ്ച ചേരും. ആശുപത്രി വികസന സമിതി യോഗം വിളിക്കാത്തതിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. ഏറെ മുറവളികൾക്കൊടുവിലാണ് യോഗം വിളിച്ചുചേർക്കുന്നത്. ബുധനാഴ്ച 3.30നാണ് യോഗം. വികസന സമിതി ചെയർമാനായ കലക്ടറുടെ അധ്യക്ഷതയിലാണ് യോഗം. നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. നൂതന സംവിധാനങ്ങൾ രോഗികൾക്ക് ലഭ്യമാക്കുക, വന്ധ്യത ചികിത്സ കേന്ദ്രം-ഫെർട്ടിലിറ്റി ക്ലിനിക് പ്രവർത്തനമാരംഭിക്കുക, ആംബുലൻസ് സേവനങ്ങളുടെ നിരക്ക് കാലാനുസൃതമായി വർധിപ്പിക്കുക, ജീവനക്കാർക്ക് ഭക്ഷണ സൗകര്യം ലഭ്യമാക്കുക, പാർക്കിങ് ഫീസ് ഏർപ്പെടുത്തിയതിലെ അപാകത, ബസ് റൂട്ട് ക്രമീകരണം, ടാക്സി ആംബുലൻസ് സംവിധാനം തുടങ്ങി നിരവധി കാര്യങ്ങൾ വികസനസമിതി യോഗത്തിന്‍റെ പരിഗണനക്ക്​ വരും. വിവാദമായ പോസ്റ്റ്മോർട്ടം വിവാദം, അപകടത്തിൽ പരിക്കേറ്റെത്തിയ രോഗിയെ പ്രവേശിപ്പിക്കാതെ ആംബുലൻസിൽ മണിക്കൂറുകളോളം കിടത്തിയെന്നതടക്കമുള്ള ആക്ഷേപങ്ങളും യോഗത്തിൽ ചർച്ചയായേക്കും. ജീവനക്കാരുടെ കെടുകാര്യസ്ഥതക്കെതിരെ വികസന സമിതിയംഗങ്ങൾ കലക്ടർക്ക് കത്ത് നൽകിയിരുന്നു. ഇതടക്കം ചർച്ചയിലേക്ക് വരുമെന്നാണ് സൂചന. ഫെബ്രുവരിയിലാണ് അവസാനമായി വികസന സമിതി യോഗം ചേർന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.