കാട്ടാന കൃഷി നശിപ്പിച്ചവർക്ക് നഷ്ടപരിഹാരം നൽകും -മന്ത്രി കെ. രാധാകൃഷ്ണൻ

ചേലക്കര: തോട്ടേക്കോട് പറയൻചിറയിൽ കാട്ടാനയിറങ്ങി കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം അനുവദിക്കാൻ ജില്ല കലക്ടർക്കും കുതിരാൻ ഭാഗത്ത് ഒന്നര കിലോമീറ്റർ സോളാർ വേലി സ്ഥാപിക്കാൻ ഒരാഴ്ചയ്ക്കകം നടപടി സ്വീകരിക്കുന്നതിന് ജില്ല വനംവകുപ്പ് ഓഫിസർക്കും നിർദേശം നൽകിയതായി മന്ത്രി കെ. രാധാകൃഷണൻ അറിയിച്ചു. കാട്ടാനയിറങ്ങുന്ന പ്രദേശത്ത്​ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പട്രോളിങ്ങ് ഏർപ്പെടുത്താനും ആനകളെ ഉൾക്കാട്ടിലേക്ക് അയക്കാനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് മന്ത്രി നിർദേശം നൽകി. തോന്നൂർക്കര തോട്ടേക്കാട് ഭാഗത്ത് പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന വേണുഗോപാൽ, ഹരി, ജയൻ, രാമു എന്നിവരുടെ ഏകദേശം ഇരുന്നൂറോളം ചെങ്ങാലിക്കോടൻ വാഴയാണ് ആന നശിപ്പിച്ചത്. കൃഷി ഓഫിസർ സ്ഥലത്തെത്തി നാശനഷ്ടം വിലയിരുത്തി. വനം വകുപ്പ് വഴി നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയാൽ ഒരു വാഴക്ക്‌ 160 രൂപ നിരക്കിൽ ലഭിക്കും. പഞ്ചയത്തുമായി ആലോചിച്ച്​ വന്യമിത്ര പദ്ധതിയിൽ ഉൾപ്പെടുത്തി സോളാർ വേലികളുടെ നിർമാണം നടപ്പാക്കുമെന്ന്​ വനംവകുപ്പ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.