ആയുർവേദ വെറ്ററിനറി മരുന്ന് നിർമാണത്തിലേക്ക് മിൽമ; ഉദ്‌ഘാടനം നാളെ

പാലക്കാട്: പാലും അനുബന്ധ ഉൽപന്നങ്ങളും മാർക്കറ്റിലിറക്കി വിജയം കൊയ്ത മിൽമ മലബാർ മേഖല യൂനിയൻ ആയുർവേദ വെറ്ററിനറി മരുന്ന് നിർമാണത്തിലേക്ക്. തിങ്കളാഴ്ച ചന്ദ്രനഗർ പാർവതി കല്യാണമണ്ഡപത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി വിപണനോദ്‌ഘാടനം നടത്തുമെന്ന്‌ മിൽമ ചെയർമാൻ കെ.എസ്‌. മണി വാർത്ത സമ്മേളനത്തിൽ പറഞ്ഞു. രാജ്യത്ത്‌ ഡ്രഗ്​സ്‌ കൺട്രോൾ ബോർഡിന്റെ അനുമതിയോടെ നടത്തുന്ന മേഖലയിലെ ആദ്യത്തെ പദ്ധതിയാണിത്​. ചടങ്ങിൽ ക്ഷീരകർഷകർക്കുള്ള ഇൻഷുറൻസ് ധനസഹായം എ. പ്രഭാകരൻ എം.എൽ.എ കൈമാറും. മിൽമ മലബാർ മേഖല യൂനിയൻ ആയുർവേദിക് സൊസൈറ്റിയുമായി സഹകരിച്ച് കർഷകക്ഷേമ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൂപവത്​കരിച്ച 'മലബാർ റൂറൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ' വഴിയാണ് മരുന്ന്‌ വിതരണം. പശുക്കളിലെ അകിടുവീക്കം, കറവമാടുകളുടെ പനി, വയറിളക്കം, മുലക്കാമ്പിലെ ചർമരോഗം, മുറിവുകൾ, ഈച്ച-ചെള്ള് ശല്യം, ദഹനക്കേട് എന്നിവക്കുള്ള മരുന്നുകളാണ്‌ നിർമിച്ച്‌ വിതരണം ചെയ്യുന്നത്‌. പാലുൽപാദനം വർധിപ്പിക്കുന്ന മരുന്നും നിർമിക്കുന്നുണ്ട്​. എട്ടുതരം മരുന്നുകളാണ് വിപണിയിലെത്തുന്നതെന്നും കെ.എസ്‌. മണി പറഞ്ഞു. ഡോ. പി. മുരളി, ജോർജ്കുട്ടി ജേക്കബ് എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.