പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാന്‍; വിജയമ്മയുടെ നൃത്തം വൈറലാകുന്നു

എടക്കര: 'പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാന്‍, കാലില്‍ കാഞ്ചന ചിലമ്പണിയും കലയാണ് ഞാന്‍'. അംഗൻവാടി പ്രവേശനോത്സവത്തില്‍ പഴയ ചലച്ചിത്ര ഗാനത്തിനൊത്ത് 67കാരി നൃത്തമാടിയത് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. മൂത്തേടം മൂച്ചിപ്പരത അംഗൻവാടി പ്രവേശനോത്സവത്തിനാണ് വയോധികയായ വിജയമ്മ 'പാലാഴി കടഞ്ഞെടുത്തോരഴകാണ് ഞാന്‍' എന്ന ചലച്ചിത്ര ഗാനത്തിനൊത്ത് ചുവടുവെച്ചത്. കഴിഞ്ഞ 31നായിരുന്നു അംഗൻവാടിയിൽ പ്രവേശനോത്സവ ചടങ്ങുകള്‍ വര്‍ണാഭമായി നടന്നത്. കുരുന്നുകളുടെ അംഗൻവാടി പ്രവശനോത്സവവും കലാപരിപാടികളും കാണാനെത്തിയതായിരുന്നു മൂച്ചിപരത നാല് സെന്‍റ് കോളനിയിലെ ചെമ്പ്രേരിയില്‍ വിജയമ്മ. കുരുന്നുകളുടെ കലാപ്രകടനം കണ്ടതോടെ വിജയമ്മക്കുള്ളിലെ കലാകാരി ഉണര്‍ന്നു. പിന്നെ കൂടിനിന്ന കുട്ടികളെയും മുതിര്‍ന്നവരെയും അമ്പരപ്പിച്ച് വിജയമ്മ തകര്‍ത്താടി. മുന്‍നിര നൃത്തകലാകാരന്മാരെ വെല്ലുന്ന പ്രകടനമായിരുന്നു വിജയമ്മയുടേത്. പ്രാരബ്ധങ്ങള്‍ക്കിടയില്‍ ജനിച്ച് വളര്‍ന്ന വിജയമ്മ നൃത്തം പഠിച്ചിട്ടില്ല. ടെലിവിഷനുകളിലെ പരിപാടികള്‍ കണ്ടാണ് വിജയമ്മയെന്ന മുതിര്‍ന്ന കലാകാരി പിറവികൊണ്ടത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൂടി നൃത്തത്തിന്‍റെ വിഡിയോ ഫേസ്ബുക്കില്‍ ഇട്ടതോടെ വിജയമ്മയും നാട്ടുകാരും ആഹ്ലാദത്തിലാണ്. വിജയമ്മയെ വ്യാഴാഴ്ച മുത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാൻ പൊന്നാടയണിയിച്ചു. mn edk- vijayamma വിജയമ്മയുടെ നൃത്ത വിഡിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത നിലയിൽ mn edk- vijayamma-2 വിജയമ്മയെ മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. ഉസ്മാൻ പൊന്നാട അണിയിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.