ബോർഡ് യോഗത്തിൽ എതിർപ്പ് പ്രകടിപ്പിക്കാത്തവർ ജനരോഷം വന്നപ്പോൾ നിലപാട് മാറ്റിയെന്ന് ഭരണസമിതി

കാളികാവ്: ചോക്കാട് ഗവ. ഹോമിയോ ആശുപത്രി മമ്പാട്ടുമൂലയിലേക്ക് മാറ്റുന്ന വിഷയത്തിൽ തെറ്റിദ്ധാരണ പരത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ ചൂരപ്പിലാൻ ഷൗക്കത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. മുൻ ഭരണസമിതിയുടെ കാലത്ത് വർഷങ്ങളോളം സമയം കിട്ടിയിട്ടും ആശുപത്രി നിർമിക്കാനാവശ്യമായ വിധത്തിൽ ചോക്കാട് സ്ഥലം പഞ്ചായത്തിന് ലഭ്യമാക്കിയിട്ടില്ല. കൂടാതെ ചോക്കാട് കണ്ടെത്തിയെന്ന് പറയുന്ന ഭൂമി നിലവിൽ ഡേറ്റ ബാങ്കിൽ ഉൾപ്പെട്ടത്​ ആയതിനാൽ ഇവിടെ കെട്ടിടനിർമാണം സാധ്യമല്ല. 18-03-2020 തീയതിയിലെ ബോർഡ് തീരുമാനം, രണ്ട് മാസത്തിനുള്ളിൽ പ്രസ്തുത സ്ഥലത്തിന് റവന്യു ഡിവിഷനൽ ഓഫിസിൽനിന്ന്​ അനുമതി വാങ്ങിവരുന്ന മുറക്ക് ഏറ്റെടുക്കാമെന്നും അല്ലാത്തപക്ഷം മമ്പാട്ടുമൂലയിലേക്ക് അനുവദിക്കാം എന്നതിനനുസരിച്ചാണ് ഭരണസമിതി മുന്നോട്ട്​ പോയത്. പലതവണ ആശുപത്രി സ്ഥലപ്രശ്നം ചർച്ച ചെയ്തിട്ടും എതിർപ്പ്​ ഒരു അംഗവും ഉന്നയിച്ചിട്ടില്ല. ഇപ്പോൾ മമ്പാട്ടുമൂലയിൽ സ്ഥലം രജിസ്ട്രേഷൻ നടത്തി കൈമാറിയതിന് ശേഷം ചോക്കാട്​ ജനരോഷം ഉയർന്നപ്പോഴാണ് പ്രതിഷേധവുമായി ചിലർ രംഗത്ത് വന്നത്​. ചോക്കാടുനിന്ന്​ മമ്പാട്ടുമൂലയിലേക്ക് ആശുപത്രി മാറ്റണമെന്ന ദുർവാശി ഭരണസമിതിക്ക് ഇല്ല. മുൻ ഭരണസമിതിയും പ്രസിഡന്‍റ്​ അടക്കമുള്ള മെംബർമാരും മറ്റു ബന്ധപ്പെട്ടവരും പഞ്ചായത്തിന് സ്ഥലം ലഭ്യമാക്കാത്തതാണ് പ്രശ്നം. നാല്​, അഞ്ച്​ വാർഡുകളിലെ ഗ്രാമസഭകളിൽ ഹോമിയോ ആശുപത്രി ചോക്കാട് പഞ്ചായത്ത് ആസ്ഥാനത്ത് നിലനിർത്തണമെന്ന പ്രമേയങ്ങൾ പാസാക്കിയിരുന്നു. ഇതിന്‍റെ റിപ്പോർട്ട് വ്യാഴാഴ്ചയാണ് കിട്ടിയത്. ഇത് പരിശോധിക്കാൻ വേണ്ടി കൂടിയാണ് അജണ്ട മാറ്റിയത്.​ നിയമപരമായി പരിശോധനകൾ നടത്തി മാത്രമേ കാര്യങ്ങൾ നടപ്പാക്കൂ എന്നും പ്രസിഡന്‍റ്​ പറഞ്ഞു. വാർത്തസമ്മേളനത്തിൽ വൈസ് പ്രസിഡന്‍റ്​ കെ.വി. റഊഫ, സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ നീലാമ്പ്ര സിറാജുദ്ദീൻ, അറക്കൽ സക്കീർ ഹുസൈൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.