മോദി സർക്കാറിന്‍റെ എട്ടാം വാർഷികം ജില്ലയിൽ വിപുലമായി ആഘോഷിക്കും -ബി.ജെ.പി

മലപ്പുറം: മോദി സർക്കാറിന്‍റെ എട്ടാം വാർഷികം ജില്ലയിലും വിപുലമായി ആഘോഷിക്കുമെന്ന്​ ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ രവി തേലത്ത് വാർത്തസമ്മേളനത്തിൽ​ പറഞ്ഞു. വാർഷികാഘോഷങ്ങളുടെ ഭാഗമായി 15 ദിവസം നീളുന്ന വിവിധ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. സമൂഹത്തിലെ വിവിധ തുറകളിലുള്ള ജനവിഭാഗങ്ങളെ സമ്പർക്കം ചെയ്യുന്നതാണ് പ്രധാന പരിപാടി. കർഷകർ, പട്ടികജാതി-പട്ടികവർഗ കോളനിവാസികൾ, പിന്നാക്ക ജനവിഭാഗങ്ങൾ, മഹിളകൾ, യുവാക്കൾ എന്നിവരുമായും എഴുത്തുകാർ, കല-സാംസ്കാരിക പ്രതിഭകൾ എന്നിവരുമായും സമ്പർക്കം നടത്തും. ജില്ലയിൽ നടപ്പാക്കിയ വികസന പദ്ധതികളെ ബന്ധിപ്പിച്ച് യുവമോർച്ചയുടെ നേതൃത്വത്തിൽ ബൈക്ക് റാലികൾ സംഘടിപ്പിക്കും. കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളെ ബൂത്തുതലത്തിൽ വീടുകളിൽ പോയി കണ്ട് ലഘുലേഖകൾ നൽകുന്ന മഹാ സമ്പർക്കവും സംഘടിപ്പിക്കും. ജില്ലതലത്തിൽ ഗരീബ് കല്യാൺ ജനസഭ എന്ന പേരിൽ സമ്മേളനവും സംഘടിപ്പിക്കുമെന്നും രവി തേലത്ത്​ അറിയിച്ചു. രാജ്യത്തിന്‍റെ വികസന നേട്ടത്തിനൊപ്പം കേരളത്തിനും മലപ്പുറത്തിനും കേന്ദ്ര സർക്കാർ കൂടുതൽ സഹായങ്ങൾ നൽകിയിട്ടുണ്ട്​. കോവിഡ്​ ​പ്രതിസന്ധി രൂക്ഷമായ സമയത്ത്​ മഞ്ചേരി മെഡിക്കൽ കോളജിലും ജില്ല ആശുപത്രികളിലും ഓക്സിജൻ പ്ലാന്‍റുകൾ അനുവദിച്ചു. പ്രധാനമന്ത്രി ജൻ വികാസ്​ കാര്യക്രമിൽ ഉൾപ്പെടുത്തി സ്കൂളുകൾ, ആശുപത്രികൾ എന്നിവക്ക്​ ഫണ്ടനുവദിച്ചു. റെയിൽവേ സ്​റ്റേഷനുകളിൽ അടിസ്ഥാന സൗകര്യമൊരുക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്തസമ്മേളനത്തിൽ ജില്ല ജനറൽ സെക്രട്ടറി ബി. രതീഷ്, ജില്ല മീഡിയ കൺവീനർ മഠത്തിൽ രവി എന്നിവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.