അരലക്ഷം തൈകൾ ഉൽപാദിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ പരിസ്ഥിതി ദിനത്തിൽ ഒരോ വീടുകളിലും നടു പിടിപ്പിക്കും

വീടുകളിൽ കൊണ്ടുപോയി നട്ട്​ മൂന്നു വർഷം പരിപാലിക്കും എടപ്പാൾ: ലോക പരിസ്ഥിതി ദിനത്തിൽ എടപ്പാൾ ഗ്രാമപഞ്ചായത്തിലെ ഓരോ വീടുകളിലും വിതരണം ചെയ്യാനായി അരലക്ഷം ഫല -ഔഷധ -വൃക്ഷ തൈകൾ ഉൽപാദിപ്പിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ. ഇവ തൊഴിലാളികൾ തന്നെ വീടുകളിൽ കൊണ്ടുപോയി നടുകയും തുടർന്ന് മൂന്നു വർഷം പരിപാലിക്കുകയും ചെയ്യും. ഹരിതകേരളത്തിന്‍റെ ഭാഗമായി മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉൽപാദിപ്പിച്ച തൈകളുടെ വിതരണം ആരംഭിച്ചു. കോലളമ്പ് തിരുത്തുമ്മൽ അഡ്വ. അബ്ദുറഹ്മാന്‍റെ ഏഴ് ഏക്കർ സ്ഥലത്താണ് നഴ്സറിയിൽ തൈകൾ ഉൽപാദിപ്പിച്ചത്. പേര, സീതപ്പഴം, സപ്പോട്ട, ഞാവൽ, കുടംപുളി, ചെറുനാരകം, നെല്ലി, കണിക്കൊന്ന, കറിവേപ്പ്, വീട്ടി, കാറ്റാടി എന്നിവയുടെ തൈകളാണ് വിതരണം ചെയ്തത്. പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളിലും വൃക്ഷത്തൈ വെച്ചുപിടിപ്പിക്കും. 14ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളാണ് നഴ്സറി നടത്തുന്നത്. അഞ്ചു​ വർഷമായി പരിസ്ഥിതി ദിനത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളിലേക്കുമുള്ള തൈകൾ തയാറാക്കുന്നതിനു വേണ്ടി വിത്തുകൾ വാങ്ങി​ തൊഴിലുറപ്പ് തൊഴിലാളികളുടെ പരിചരണം നടത്തിവരുന്നു. ഓരോ വീടുകളിലും നടുന്ന തൈകൾ സംബന്ധിച്ച്​ കൃത്യമായി രേഖകൾ സുക്ഷിച്ചിട്ടുണ്ട്. രണ്ടു മാസത്തിൽ ഒരിക്കൽ തൈകളുടെ വളർച്ച സംബന്ധിച്ച് വിലയിരുത്തും. കഴിഞ്ഞ വർഷങ്ങളിൽ നട്ടുപിടിപ്പിച്ച പല തൈകളും വളർന്ന് വലുതായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത്​ തുടർച്ചയായി മഹാത്മാ പുരസ്കാരത്തിന് അർഹത നേടിയിരുന്നു. തൈകളുടെ വിതരണോദ്ഘാടനം പ്രസിഡന്‍റ്​ സി.വി. സുബൈദ നിർവഹിച്ചു. വൈസ് പ്രസിഡന്‍റ് കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഹരിതകേരള മിഷൻ ജില്ല ഉദ്യോഗസ്ഥൻ ടി.വി.എസ്. ജിതിൻ മുഖ്യാതിഥിയായി. എ. ദിനേശൻ, ഷീജ, എം.വി. സിന്ധു, ദേവദാസൻ കുമാരൻ, കൃഷി ഓഫിസർ എം.വി. വിനയൻ, ആഷിഫ്, അഡ്വ. അബ്ദുറഹ്മാൻ, വി.വി. ദ്വാരകനാഥൻ എന്നിവർ സംസാരിച്ചു. എൻജിനീയർ എ.എം. സുദീപ് സ്വാഗതവും ഓവർസിയർ അനൂപ് നന്ദിയും പറഞ്ഞു. MP EDPL തൈകളുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത്​ പ്രസിഡന്‍റ് സി.വി. സുബൈദ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.