കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഫണ്ട് ലഭ്യമാക്കണം -ഹൈകോടതിയിൽ ഹരജി

തൃശൂർ: കാഞ്ഞാണി-വാടാനപ്പള്ളി റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ ഫണ്ട് ലഭ്യമാക്കാനാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. 16 കി.മീ. ദൂരമുള്ള തൃശൂർ-വാടാനപ്പള്ളി റോഡ് 17 മീറ്റർ വീതിയിൽ പണിയാനാവശ്യമായ ഫണ്ടും പണി ആരംഭിക്കാൻ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി സെക്രട്ടറിയും മണലൂർ പഞ്ചായത്ത് മുൻ മെംബറുമായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്, മണലൂർ പഞ്ചായത്ത് മെംബർ ഷോയ് നാരായണൻ എന്നിവരാണ്​ ഹരജി നൽകിയത്​. അഡ്വ. കെ.ബി. ഗംഗേഷ് മുഖാന്തരമാണ് ഹരജി ഫയൽ ചെയ്തത്. റോഡിന്​ 56 കോടിയുടെ എസ്റ്റിമേറ്റ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അഞ്ചു വർഷത്തെ ബജറ്റ്​ വിഹിതമായി വെറും 100 രൂപമാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അഞ്ചു വർഷത്തിനുള്ളിൽ 294 അപകടങ്ങളും 27 മരണങ്ങളും ഉണ്ടായി. പടിഞ്ഞാറെ കോട്ടയിൽനിന്ന് എറവ് വരെയുള്ള ഒമ്പതു കി.മീ. റോഡ് പണിയുന്നതിന് 33 കോടിക്ക് ഭരണാനുമതി ലഭിക്കുകയും 2016 നവംബറിൽ പണിയാൻ കരാർ ചെയ്തിരുന്നതുമാണ്. എറവ് വരെയുള്ള ഒമ്പത് കി.മീ ദൂരം 17 മീറ്റർ വീതിയിൽ ഏറ്റെടുക്കുന്നതിന് ആവശ്യമായ 51.94 കോടി ബജറ്റിൽ ഉടൻ തന്നെ വകയിരുത്തുമെന്ന് കലക്ട​​​റേറ്റിൽ കൂടിയ യോഗത്തിൽ മന്ത്രി ഉറപ്പുനൽകിയിരുന്നു. സർക്കാറിന്‍റെ പുതിയ ഉത്തരവ് പ്രകാരം 2018ൽ കണ്ടിൻജൻസി ഫണ്ടായി 50 ലക്ഷം കെട്ടിവെച്ചിട്ടുണ്ട്. ഫണ്ട് കെട്ടിവെച്ച് നാലു വർഷം പിന്നിട്ടിട്ടും ഇതുവരെയും ഒന്നാം ഘട്ടം പൂർത്തീകരിക്കാനാവശ്യമായ 51.94 കോടി അനുവദിക്കുകയോ രണ്ടാം ഘട്ടം എറവ് മുതൽ വാടാനപ്പള്ളി വരെയുള്ള ഭാഗം അക്വയർ ചെയ്യുന്നതിന് ആവശ്യമായ 182 കോടി അനുവദിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഹരജിയിൽ വ്യക്തമാക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.