കൊലപാതകം പുറത്തറിഞ്ഞത്​ ഷൈബിന്‍റെ വീട്ടിലെ കവർച്ചയിലൂടെ

നിലമ്പൂർ: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ശെരീഫിനെ കൊലപ്പെടുത്തിയ സംഭവം പുറത്തറിഞ്ഞത് മുഖ‍്യസൂത്രധാരനായ ഷൈബിൻ അഷ്​റഫിന്‍റെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട പരാതിയിലൂടെ. ഏപ്രിൽ 24ന് രാത്രി ഏഴരയോടെയാണ് ഇയാളുടെ മുക്കട്ടയിലെ വീട്ടിൽ കവർച്ച നടന്നത്. ഷൈബിനെ ബന്ദിയാക്കി ഏഴുലക്ഷം രൂപയും വിലപിടിപ്പുള്ള ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും കവർന്ന ഏഴംഗ സംഘം പെൻഡ്രൈവും കൈക്കലാക്കിയാണ് മടങ്ങിയത്. വിവരം പൊലീസിനെ അറിയിച്ചാൽ കൊലപാതകങ്ങൾ ഉൾപ്പെടെ ഷൈബിൻ ചെയ്ത കാര‍്യങ്ങൾ ഞങ്ങളും അറിയിക്കുമെന്ന് സംഘം ഭീഷണി മുഴക്കിയിരുന്നു. രാത്രിതന്നെ ഷൈബിൻ നിലമ്പൂർ ജില്ല ആശുപത്രിയിൽ ചികിത്സക്ക് വിധേയനായെങ്കിലും കവർച്ചയെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടില്ല. ഷൈബിന്‍റെ സുഹൃത്തുക്കൾ നൽകിയ വിവരപ്രകാരം പിറ്റേന്ന്​ മാധ‍്യമങ്ങളിൽ വാർത്ത വന്നു. ഇതോടെയാണ്​ തിങ്കാളാഴ്ച വൈകീട്ട്​ ഷൈബിൻ നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. സുൽത്താൻ ബത്തേരിയിൽനിന്നുള്ള സംഘമാണ് ആക്രമണം നടത്തിയതെന്ന്​ മാത്രമാണ് പരാതിയിൽ പറഞ്ഞത്. എന്നാൽ, ഷൈബിനുമായി അടുത്ത ബന്ധമുള്ളവരാണ് കവർച്ചക്ക് പിന്നിലെന്ന് സംഘം വന്ന വാഹനങ്ങളുടെ ഉടമസ്ഥത അന്വേഷിച്ചപ്പോൾ പൊലീസിന് വ‍്യക്തമായി. ഒരുവാഹനം ഷൈബിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്നും ഇയാളുടെ കമ്പനിയിലെ ജോലിക്കാരും സംഘത്തിലുണ്ടെന്നും പിന്നീട്​ തെളിഞ്ഞു. കേസെടുത്ത് നിലമ്പൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ്​ സംഘത്തിൽപെട്ട ബത്തേരി കൈപ്പഞ്ചേരി താമസിക്കുന്ന തങ്ങളകത്ത് അഷറഫ് എന്ന മുത്തു (47) പിടിയിലായത്​. ഒളിവിൽ പോയ മറ്റ്​ പ്രതികൾ ഇതിനിടെ സെക്രട്ടേറിയറ്റിന് മുന്നിൽ ആത്മഹത്യഭീഷണി മുഴക്കി. ബിസിനസിൽ സഹായികളും കമ്പനിയിലെ ജോലിക്കാരുമായ തങ്ങൾക്ക് കൂലി തരാത്തതിനെ തുടർന്നാണ് ഷൈബിന്‍റെ വീട്ടിൽ കവർച്ച നടത്തിയതെന്നും കവർച്ച വിവരം പുറത്തുപറഞ്ഞാൽ ഷൈബിൻ ചെയ്ത കൊലപാതകങ്ങളുടെ വിവരം പുറത്തുപറയുമെന്നും ഷൈബിനെ ഭീഷണിപ്പെടുത്തിയിരുന്നതായി പിടിയിലായ അഷറഫ് പൊലീസിനോട് പറഞ്ഞിരുന്നു. ഇത് സാധൂകരിക്കുന്നതായിരുന്നു സെക്രട്ടേറിയറ്റിന് മുന്നിൽ മറ്റ്​ പ്രതികൾ നടത്തിയ വെളിപ്പെടുത്തൽ. ഇതാണ്​ നാട്ടുവൈദ്യന്‍റെ കൊല പുറത്തറിയുന്നതിലേക്ക്​ നയിച്ചത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.