WE INDIA SERIES വേണം, ഫറോക്കിലെ സ്വാതന്ത്ര്യസമര സേനാനികൾക്ക് ഉചിത സ്മാരകം

ഫറോക്ക്: 1943 ഏപ്രിൽ 30ന് അർധരാത്രിയിലായിരുന്നു ഫറോക്ക് റെയിൽ പഴയപാലത്തിന്റെ രണ്ടാം കൽത്തൂണിൽ പൊട്ടിത്തെറി നടന്നത്. സംഭവത്തിൽ അന്ന് പ്രതിചേർക്കപ്പെട്ട ഫറോക്കിലെ സ്വാതന്ത്ര്യസമര സേനാനികൾക്ക് മൃഗീയ പീഡനം ഏൽക്കേണ്ടിവന്നു. എന്നാൽ, അവരുടെ ഓർമകൾ നിലനിർത്തുന്ന ഒരു ചരിത്രനിർമിതിയും ഫറോക്കിലില്ല. ബ്രിട്ടീഷുകാർ നിർമിച്ച ഇരുമ്പുപാലം റെയിൽവേ വർഷങ്ങൾക്കുമുമ്പ് പൊളിച്ചുമാറ്റിയെങ്കിലും കരിങ്കല്ലിൽ നിർമിച്ച കൽത്തൂൺ ഇന്നും ചാലിയാർ പുഴയിൽ ചരിത്രത്തിന് സാക്ഷിയായി നിലകൊള്ളുന്നുണ്ട്. ഫറോക്കിന്‍റെ വിവിധ മേഖലകളിലായി 36 സ്വാതന്ത്ര്യസമരസേനാനികളാണ് ഉണ്ടായിരുന്നത്. അവർക്കായി ഉചിത സ്മാരകം വേണമെന്ന ആവശ്യം ശക്തമാണ്. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭസമയത്ത് പട്ടാളട്രെയിൻ ഫറോക്ക് പാലത്തിലൂടെ പോവുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേളപ്പജിയുടെ മകൻ കുഞ്ഞിരാമൻ കിടാവ്, ഫറോക്കിലെ കുട്ടൻ കമ്പോണ്ടർ, തോമസ് റൈറ്റർ, പാലാട്ട് കോയ എന്നിവരുടെ സഹായത്താൽ ഫറോക്ക് റെയിൽവേ പാലത്തിൽ ബോംബ് സ്ഥാപിക്കാൻ പദ്ധതി തയാറാക്കിയത്. ബ്രിട്ടീഷ് പട്ടാളവണ്ടിയുടെ പോക്ക് തടയുക, മലബാറിനെ മദിരാശി സംസ്ഥാനത്തിന്റെ ഇതരഭാഗവുമായി ബന്ധിപ്പിക്കുന്ന പാലങ്ങൾ തകർക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ മലബാറിന് ആദ്യം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയെന്നതായിരുന്നു ഇവർ ലക്ഷ്യമിട്ടിരുന്നത്. ഇന്ന് ഫറോക്കിൽനിന്ന് ചെറുവണ്ണൂരിലേക്ക് പോവുന്ന റെയിൽപാലത്തിലെ രണ്ടാം കരിങ്കൽതൂൺ അതിനായി തിരഞ്ഞെടുത്തു. രണ്ടാം ലോകയുദ്ധം നടക്കുന്ന കാലമായതിനാൽ പാലങ്ങൾക്ക് ബ്രിട്ടീഷുകാർ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. കീഴരിയൂരിൽ നിർമിച്ച ബോംബുകൾ ഫറോക്ക് ചെറുവണ്ണൂരിലെ ബി.സി റോഡിനു സമീപം ചീർപ്പ് പാലത്തിൽ എത്തിക്കുകയും അവിടെനിന്ന് തോണിമാർഗം ഫറോക്ക് പാലത്തിനടിയിലേക്ക് കുഞ്ഞിരാമൻ കിടാവും പാലാട്ട് കോയയും കൊണ്ടുവരുകയും മൂന്ന് ബോംബുകൾ പാലത്തിൽ സ്ഥാപിക്കുകയായിരുന്നുവെന്നും പുരാരേഖ വകുപ്പ് പുറത്തിറക്കിയ 'ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്‍റ്​ ഇൻ കേരള' വാല്യം മൂന്നിലെ 354ാം പേജിലുണ്ട്. മൂന്നു ബോംബുകളിൽ ഒന്നാണ് പൊട്ടിയതെന്നും പാലത്തിന്‍റെ ഗർഡറിനും പാളത്തിനും വിള്ളലുകൾ ഉണ്ടായതൊഴിച്ചാൽ മറ്റു കാര്യമായ നാശമൊന്നും സംഭവിച്ചില്ലെന്നും പുസ്തകത്തിൽ പറയുന്നു. ഫറോക്കിലെ കറുപ്പേട്ടൻ, കടപൂട്ടി വീട്ടിലേക്ക് വരുകയായിരുന്ന കെ.ആർ. ശേഖരൻ, കോമളം ഹോട്ടൽ ഉടമ അപ്പുട്ടി, കോരുജി തുടങ്ങിയവരെ പിന്നീട് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ്ചെയ്തു. പിന്നീട് ഇവർക്ക് മൃഗീയപീഡനമായിരുന്നു. ഫറോക്ക് പാലം അട്ടിമറിയുടെ പേരിൽ വി.എം. കൊറാത്ത്, കെ.എം. കോയ എന്നിവരെ ബ്രിട്ടീഷ് പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചതായി വി.എം. കൊറാത്തിന്റെ ആത്മകഥയായ 'ഓർമയുടെ നിലാവ്' ൽ പറയുന്നുണ്ട്. കീഴരിയൂർ ബോംബുകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫറോക്ക് സ്വദേശി കെ.ടി. അലവിയെയും ഫറോക്ക് പാലം അട്ടിമറിയുടെ പേരിൽ അന്ന് പൊലീസ് ചോദ്യംചെയ്തതായി പറയുന്നുണ്ട്. കരുവൻതിരുത്തി സ്വദേശി ജോനാസ് വായാട്ടും മറ്റും പൊലീസിനു പിടികൊടുക്കാതെ ഒളിവിൽ കഴിഞ്ഞവരിൽ ചിലരായിരുന്നു. ഫറോക്കിലെ സ്വാതന്ത്ര്യസമരസേനാനികൾക്ക് ഉചിതമായ സ്മാരകം വേണമെന്നാണ് ആവശ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.