ദേശീയപാത നവീകരണം നടക്കുന്ന പള്ളിശ്ശേരിതാഴത്തെ ഓവുപാലത്തിനടിയിൽ മണ്ണുമൂടിയ നിലയിൽ
കോഴിക്കോട്: ആറുവരിപ്പാതയാക്കാൻ നവീകരണം നടക്കുന്ന വെങ്ങളം-രാമനാട്ടുകര ബൈപാസിൽ ഓവുചാലുകളും കലുങ്കുകളുമടഞ്ഞ് പരിസരവാസികൾ വെള്ളപ്പൊക്കഭീതിയിൽ.
കഴിഞ്ഞ വേനൽമഴ പെയ്തപ്പോൾ തന്നെ കോർപറേഷൻ കുടിൽതോട്, പൊറ്റമ്മൽ, സിവിൽ സ്റ്റേഷൻ, കോട്ടൂളി, ചേവായൂർ വാർഡുകളിൽ വിവിധയിടങ്ങളിൽ വെള്ളം കയറിയിരുന്നു. ആയിരത്തേിലെറെ കുടുംബങ്ങൾ ബൈപാസിനിരുപുറവും വെള്ളപ്പൊക്കഭീതിയിലാണ്.
ബൈപാസ് നവീകരണത്തിന്‍റെ ഭാഗമായി പാത മുറിച്ചുകടക്കുന്ന ഓവുചാലുകൾ കരാറുകാർ മണ്ണിട്ട് അടച്ചതിനാൽ വെള്ളം കെട്ടിക്കിടന്ന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമുണ്ട്.
ബൈപാസ് നിർമാണം പൂർത്തിയാവാൻ രണ്ട് കൊല്ലത്തിലേറെയെങ്കിലുമെടുക്കുമെന്ന് വ്യക്തമായിരിക്കെ മഴക്കാലത്ത് വൻ ദുരിതം മുന്നിൽക്കാണുകയാണ് നാട്ടുകാർ.
ബൈപാസിന് ഇരുവശവും ചേവായൂർ ചാലിയിൽ, കുടിൽതോട്, ചാക്കാത്തിൽ താഴം, പുതിയേടത്ത് താഴം, അരുൺ റോഡ് എന്നിവിടങ്ങളിലും ഇപ്പോഴേ ചളി കെട്ടിക്കിടപ്പാണ്. വെസ്റ്റ് കുടിൽ തോടിലേക്കും വെള്ളത്തിന് പോകാൻപറ്റാതെ നിൽക്കുന്നു.
ചേവരമ്പലം, പുതുവയൽ താനോനാംപൊയിൽ, തായാട്ട് കുഴി കോളനി എന്നിവിടങ്ങളിലെല്ലാം മുഴുവൻ വെള്ളമാണ്. വളാംകുളം, പൂവംകുളം ഭാഗം തുടങ്ങിയ സ്ഥലങ്ങളിൽ മുട്ടിന് താഴെ വെള്ളമാണ്. പലതവണ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും നടപടിയുണ്ടായിട്ടില്ല. കുടിൽതോട് വള്ളിശ്ശേരി ഭാഗം മുതൽ പാച്ചാക്കിൽ തോട് വരെ ആറ് കലുങ്കുകളുണ്ട്.
ഇതിന്‍റെ മുഖമെല്ലാം മണ്ണിട്ട് മൂടിയിരിക്കുകയാണ്. മണ്ണെടുക്കാൻ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് കൗൺസിലർ വി. പ്രസന്ന പറഞ്ഞു.
ചെറിയ മഴ പെയ്താൽ വെള്ളം പൊങ്ങുമെന്നതിനാൽ ഒരു രാത്രിപോലും ഉറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്.
രണ്ട് കൊല്ലമായി സ്വകാര്യ സ്ഥലത്തുകൂടെ വെള്ളം ഒഴുകുന്ന ഭാഗവും ഇവിടെയുണ്ട്.
സ്വകാര്യവ്യക്തിയുടെ സമ്മതമില്ലാത്തതിനാൽ സ്ഥലം കീറി വെള്ളം ഒഴിവാക്കാനാവാത്തതും പ്രശ്നമാണ്.
ഗുരുതരാവസ്ഥ പരിഗണിച്ച് മേയറുടെ നേതൃത്വത്തിലുള്ള സംഘം വെള്ളക്കെട്ട് ഭീഷണിയുള്ള പ്രദേശങ്ങൾ അടുത്തദിവസം സന്ദർശിക്കുമെന്ന് കൗൺസിലർ വി. പ്രസന്ന അറിയിച്ചു.
ബൈപാസിന് ചുറ്റുമുള്ള വെള്ളക്കെട്ട് പ്രശ്നത്തിനെതിരെ നാട്ടുകാരുടെ നേത്വത്തിൽ വെള്ളക്കെട്ട് നിവാരണ തണ്ണീർത്തട സംരക്ഷണസമിതി രൂപവത്കരിച്ചു. കൗൺസിലർ എം.എൻ. പ്രവീണാണ് ചെയർമാൻ.
ദേശീയപാത അധികൃതരെ ആദ്യഘട്ടത്തിൽ കണ്ടതായി സമിതി കൺവീനർ ടി.കെ. വേണു അറിയിച്ചു. നിലവിൽ അടഞ്ഞ കലുങ്കുകൾ തുറക്കുക, നവീകരിക്കുമ്പോൾ വലിയ കലുങ്കുകൾ കൂടുതലായി ഉണ്ടാക്കുക എന്നിവയാണ് ആവശ്യം.
600ഓളം കുടുംബങ്ങൾ ഇരിങ്ങാടൻപള്ളി, തോട്ടിൽപീടിക ഭാഗത്തും ആയിരത്തിലേറെ പേർ കുടിൽതോട് ഭാഗത്തും ബുദ്ധിമുട്ടിലാവും. വെള്ളപ്പൊക്കം തടയാൻ പദ്ധതി തയാറാക്കണമെന്ന് ആവശ്യപ്പെട്ട് ചേവരമ്പലം, ഹരിതനഗർ, നേതാജിനഗർ റസിഡന്‍ഷ്യൽ കോഓഡിനേഷൻ കമ്മിറ്റി കോർപറേഷൻ സെക്രട്ടറിക്ക് ഹരജി നൽകിയിട്ടുണ്ട്. ഇതിന് മുന്നോടിയായി വിദഗ്ധ സംഘം പരിശോധന നടത്തണമെന്ന് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ. സാബി ജോസഫും സെക്രട്ടറി ടി.കെ. പ്രകാശനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.