പട്ടയവിതരണം ചരിത്രസംഭവമായി മാറും -മന്ത്രി കെ. രാജൻ

വടകര: ഒന്നാം പിണറായി സർക്കാർ കേരളത്തിലുടനീളം തുടക്കം കുറിച്ച പട്ടയവിതരണം രണ്ടാം പിണറായി സർക്കാർ തുടരുകയാണെന്നും ഏപ്രിൽ 21ഓടെ ചരിത്ര സംഭവമായി മാറുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. വടകരയിൽ റവന്യൂ ടവർ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ സർക്കാർ 17,10,000 പട്ടയങ്ങൾ വിതരണം ചെയ്ത് റെക്കോർഡിട്ടു. ജില്ലയിൽ 4660 പേർ ഭൂമിയുടെ പുതിയ അവകാശികളായി മാറും. സർക്കാർ ആഗ്രഹിക്കുന്നത് കേവലം കൈവശം ഇരിക്കുന്നവർക്ക് പട്ടയം കൊടുക്കുകയെന്നത് മാത്രമല്ല. സംസ്ഥാനത്ത് തണ്ടപ്പേരിനുപോലും അവകാശമില്ലാത്ത ഭൂരഹിതരായ മുഴുവൻ പേർക്കും ഭൂമി ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂ ടവർ ടെൻഡർ നടപടികൾ പൂർത്തിയാക്കി കൃത്യതയോടെയുള്ള നിരീക്ഷണത്തിൽ പൂർത്തീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. പട്ടയ വിതരണ ഉദ്ഘാടനം വേളം സ്വദേശി മീത്തലെ ഈങ്ങാത്തരീമ്മൽ ശോഭക്ക് പട്ടയം നൽകി മന്ത്രി നിർവഹിച്ചു. കിഫ്ബിയിൽനിന്നും ആദ്യ ഗഡുവായി അനുവദിച്ച 20 കോടി രൂപ ഉപയോഗിച്ചാണ് റവന്യൂ ടവർ നിർമിക്കുന്നത്. 11 വിവിധ സർക്കാർ ഓഫിസുകൾക്ക് ആദ്യ ഘട്ടത്തിൽ നിർമിക്കുന്ന ടവറിൽ സൗകര്യമൊരുക്കും.

സംസ്ഥാന ഭവന നിർമാണ ബോർഡിനാണ് നിർമാണ ചുമതല. ഹൗസിങ് കമീഷണർ എൻ. ദേവിദാസ് ഐ.എ.എസ് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ, മുൻ എം.എൽ.എ സി.കെ. നാണു, കൗൺസിലർമാരായ ടി.കെ. പ്രഭാകരൻ, പ്രേമകുമാരി, സി.കെ. കരീം, സി. ഭാസ്കരൻ, ആർ. സത്യൻ, കൊളങ്ങര ചന്ദ്രൻ, പുറന്തോടത്ത് സുകുമാരൻ, വടയക്കണ്ടി നാരായണൻ, ടി.വി. ബാലകൃഷ്ണൻ, കെ. ലോഹ്യ, കെ.കെ. കൃഷ്ണൻ, ഒ.കെ. കുഞ്ഞബ്ദുള്ള, വി. ഗോപാലൻ, പ്രദീപ് ചോമ്പാല തുടങ്ങിയവർ സംസാരിച്ചു. കലക്ടർ ഡോ. തേജ് ലോഹിത് റെഡ്ഡി സ്വാഗതവും കെ.പി. കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

'ആർ.ഡി.ഒ ഓഫിസ് റവന്യു ടവറിലേക്ക് മാറ്റണം'

വടകര: പുതിയതായി നിർമിക്കുന്ന റവന്യു ടവർ കെട്ടിടത്തിലേക്ക് ആർ.ഡി.ഒ ഓഫിസ് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ ആവശ്യപ്പെട്ടു. ആർ.ഡി.ഒ ഓഫിസ് വടകര അതിഥി മന്ദിരത്തിലാണ് താത്കാലികമായി പ്രവർത്തിക്കുന്നത്. ഇറിഗേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് കെട്ടിട നിർമാണത്തിന് പരിഗണിക്കുന്നത്. ഇവിടെ എത്തിച്ചേരാൻ ജനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുമെന്ന് റവന്യു ടവർ ശിലാസ്ഥാപന ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Minister K Rajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.