വടകര കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്റർ
വടകര: വടകര കെ.എസ്.ആർ.ടി.സി ഓപറേറ്റിങ് സെന്ററിലെ 12 മെക്കാനിക്കൽ ജീവനക്കാർക്ക് കൂട്ട സ്ഥലം മാറ്റം. സെന്റർ അടച്ചുപൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണ് ആക്ഷേപം. ഡിപ്പോയിലെ 12 പേരെ സ്ഥലം മാറ്റിയതായി കഴിഞ്ഞദിവസമാണ് ഉത്തരവിറങ്ങിയത്.
സെന്ററിലെ മെക്കാനിക്കൽ ജീവനക്കാരെ ഒന്നടങ്കം സ്ഥലം മാറ്റിയതോടെ വടകരയിൽ എത്തിച്ചേരുന്ന ബസുകൾ ഇനി അറ്റകുറ്റപ്പണികൾക്കായി തൊട്ടിൽപാലത്തേക്കോ, കോഴിക്കോട്ടേക്കോ പോകേണ്ട അവസ്ഥയാണ്. ഇത് കെ.എസ്.ആർ.ടി.സിക്ക് വൻ സാമ്പത്തിക ബാധ്യത ഉണ്ടാക്കും. വടകരയിലൂടെ കടന്നുപോകുന്ന ബസുകൾക്ക് അറ്റകുറ്റപ്പണി വരുകയോ നിലക്കുകയോ ചെയ്താൽ ദീർഘനാൾ കട്ടപ്പുറത്ത് കിടക്കേണ്ടിയും വരും. നിരവധി പ്രക്ഷോഭങ്ങളുടെ ഫലമായാണ് പി.ആർ. കുറുപ്പ് ഗതാഗതമന്ത്രിയായിരിക്കെ വടകരയിൽ ഓപറേറ്റിങ് സെന്റർ അനുവദിച്ചത്.
വർഷങ്ങൾക്കുശേഷം മുൻ മന്ത്രി സി.കെ. നാണുവിന്റെ നിരന്തര ഇടപെടലിനെ തുടർന്ന് വടകര നഗരസഭയുടെ കൈവശമുള്ള താഴെ അങ്ങാടിയിലെ വലിയ വളപ്പ് ഗ്രൗണ്ടിൽ ഒരേക്കർ സ്ഥലം സെന്ററിനായി വിട്ടുനൽകി. ഇതോടെ, കൂടുതൽ ഷെഡ്യൂളുകൾ വടകരയിൽനിന്ന് ആരംഭിച്ചു. 24 ഓളം ഷെഡ്യൂളുകളാണ് നിലവിലുള്ളത്. ഡ്രൈവർമാരും കണ്ടക്ടർമാരും, സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ 130 ഓളം ജീവനക്കാരും 12 മെക്കാനിക്കൽ ജീവനക്കാരുമാണ് ഇവിടെ ഉണ്ടായിരുന്നത്.
ഓപറേറ്റിങ് സെന്ററിന് പുതിയ ആസ്ഥാനം ഒരുങ്ങിയെങ്കിലും പരാതീനതകളുടെ നടുവിലായിരുന്നു പ്രവർത്തനം. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് ഓപറേറ്റിങ് സെന്ററിന്റെ ചിറകരിയുന്ന സമീപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.