വടകര: വ്യാജ സ്വർണ നാണയ തട്ടിപ്പ് സംഘത്തിന്റെ വലയിൽപെട്ട് നിരവധി പേർക്ക് പണം നഷ്ടമായതായി സൂചന. തട്ടിപ്പുസംഘത്തിലെ കർണാടക സ്വദേശികളായ ആറുപേരെ വടകര പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. കർണാടക ചിക്കമംഗളൂർ കടൂർ സ്വദേശി കുമാർ മഞ്ജുനാഥ് (47), മാതാപുരം ദാവൻ ഗിരി സ്വദേശികളായ വീരേഷ് (40), മാതാപുരം ദാവൻഗിരി ചന്ദ്രപ്പ (45), ഷിമോഗ താത്തൂർ സ്വദേശി മോഹൻ (35), ഷിമോഗ താവങ്ങ നടരാജ് (27), ഷിമോഗ അഡനഹള്ളി തിമ്മേഷ് (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പയ്യോളി ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രതികളെ റിമാൻഡ് ചെയ്തു.
ഒന്നര വർഷം മുമ്പ് നടന്ന തട്ടിപ്പ് കേസിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ കിട്ടാതായതോടെ തെളിയിക്കപ്പെടാത്ത കേസിൽ ഉൾപ്പെടുത്തി കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.
പ്രതികൾ പിടിയിലായതോടെ ഫയൽ റീ ഓപൺ ചെയ്യാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയ ശേഷമാണ് പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാനമായ തട്ടിപ്പ് നടന്നതായാണ് പൊലീസ് നൽകുന്ന സൂചന. പ്രതികൾ പിടിയിലായതോടെ ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട നിരവധി പേർ വടകര പൊലീസ് സ്റ്റേഷനിൽ എത്തിയിട്ടുണ്ട്. സമൂഹത്തിൽ ഉന്നതിയിലുള്ളവരുൾപ്പെടെ തട്ടിപ്പിൽ കുടുങ്ങിയതായി സൂചനയുണ്ട്. പലരും മാനഹാനി ഭയന്നാണ് പരാതി നൽകാൻ തയാറാകാത്തത്.
പൊലീസ് സ്റ്റേഷനിലെത്തി പ്രതികളെ തിരിച്ചറിയാതെ മടങ്ങിയവരുമുണ്ട്. ഇത്തരത്തിൽ വ്യാജ സ്വർണനാണയം നൽകി പണം തട്ടുന്ന സംഘങ്ങൾ വേറെയും പ്രവർത്തിക്കുന്നതായാണ് പൊലീസ് നൽകുന്ന സൂചന. വടകരയിൽ കുരിയാടി നടേമ്മൽ കൈതവളപ്പിൽ രാജേഷാണ് തട്ടിപ്പിനിരയായത്. അഞ്ചു ലക്ഷം രൂപയാണ് വ്യാജ സ്വർണനാണയം നൽകി പ്രതികൾ തട്ടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.