അഴിയൂര്‍ കുഞ്ഞിപ്പള്ളിക്കുസമീപം നിര്‍ത്തിയിട്ട ചരക്ക് ലോറികള്‍
വടകര: കോവിഡ് പശ്ചാത്തലത്തില്‍ അന്തര്സംസ്ഥാനത്തുനിെന്നത്തുന്ന ചരക്കുലോറികളും ടാങ്കര്‍ ലോറികളും പാതയോരം കൈയടക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. വടകര മേഖലയില്‍ പലയിടത്തും ദേശീയപാതയോരം അന്തര്‍സംസ്ഥാന ലോറികളുടെ വിശ്രമകേന്ദ്രമാണിന്ന്. നിലവിലെ സാഹചര്യത്തില്‍ ഭക്ഷണം ലഭിക്കാനുള്ള സാധ്യത കുറഞ്ഞതോടെ ലോറികളിലെ ജീവനക്കാര്‍ ഒന്നിച്ച് ഭക്ഷണം ഉണ്ടാക്കുന്നതും ഇത്തരം സ്ഥലങ്ങളില്‍നിന്നാണ്. ഈ സാഹചര്യത്തില്‍ രോഗവ്യാപന സാധ്യത കൂടുതലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. വൈറസ് വ്യാപനം തടയുന്നതിനായുള്ള ജാഗ്രതാ നിര്‍ദേശത്തിെൻറ ഭാഗമായി നേരത്തേ, അന്തര്സംസ്ഥാനത്തുനിന്നെത്തുന്ന ലോറി ഡ്രൈവര്‍മാര്‍, ക്ലീനര്‍മാര്‍ എന്നിവര്‍ ആരോഗ്യവകുപ്പും, പൊലീസും നല്കുന്ന കര്‍ശന നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാലിപ്പോള്‍ ഇതെല്ലാം കാറ്റില്‍ പറത്തുന്ന സാഹചര്യമാണിപ്പോഴുള്ളതെന്നാണ് ആക്ഷേപം.
വടകര മേഖലയില്‍ നേരത്തേതന്നെ ഇത്തരം ലോറികള്‍ക്കെതിരെ പരാതിയുയര്‍ന്നിരുന്നു. അഴിയൂര്‍ അണ്ടി കമ്പനി പരിസരത്തുള്ളവര്‍ പഞ്ചായത്തിനും മറ്റും പരാതി നല്‍കിയിരുന്നു. അഴിയൂരില്‍ പഴയ ദേശീയപാതയിലാണിത്തരം ലോറികള്‍ നിര്‍ത്തിയിടുന്നത്. ജി.എസ്.ടി വരുന്നതിനുമുമ്പ് മാഹിയുടെ അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ അഴിയൂരിലെ ചെക്പോസ്റ്റില്‍ രേഖകള്‍ സമര്‍പ്പിക്കാനും മറ്റും ഏറെ സമയം ചെലവഴിക്കേണ്ടിവരുന്ന സാഹചര്യത്തിലാണ് ലോറികള്‍ ഇവിടെ, കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. പൊതുശൗചാലയമില്ലാത്തതാണ് അഴിയൂരുകാര്ക്ക് പ്രയാസം സൃഷ്ടിക്കുന്നത്. ഇത്, പരിസര മലിനീകരണത്തിനു കാരണമാകുന്നു.
എന്നാല്‍, പഞ്ചായത്ത് പൊതുശൗചാലയം നിർമിക്കാനാവശ്യമായ ഫണ്ട് നീക്കിവെച്ചിട്ടുണ്ടെന്നും അനുയോജ്യമായ സ്ഥലം കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് നീളുന്നതെന്നും പഞ്ചായത്ത് അധികൃതര്‍ പറയുന്നു. വടകരയില്‍ ചോറോട്, ഒഞ്ചിയം, അഴിയൂര്‍ പഞ്ചായത്തിലാണിത്തരം ലോറികള്‍ നിര്‍ത്തിയിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.