കോഴിക്കോട്: നഗരത്തിലെ ഏറ്റവും പഴയ വഴികളിൽപെടുന്ന കുറ്റിച്ചിറ വാടിയിൽ ഇടവഴിയിൽ വികസനം ഇപ്പോഴും അകന്നുനിൽക്കുന്നു. 32 കൊല്ലത്തോളമായി കോൺക്രീറ്റിടൽ പോലും നടക്കാത്ത പാതയിൽ വലിയ തടസ്സമായി വഖഫ് ഭൂമിയുള്ളതിനാൽ എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാർ. പലതവണ പരാതി നൽകിയിട്ടും വഖഫ് ഭൂമിയിൽ നിന്ന് റോഡിലേക്ക് ഏതുനിമിഷവും വീഴുമെന്ന മട്ടിൽ നിൽക്കുന്ന മതിൽ നീക്കാനായില്ല. വർഷങ്ങളായി മതിൽ റോഡിലേക്ക് ജീർണിച്ച് തൂങ്ങി നിൽക്കുകയാണ്.
10 മീറ്ററോളം നീളത്തിലുള്ള മതിൽ കഴിഞ്ഞ മഴയിൽ പാതി തകർന്ന് റോഡിലേക്ക് വീണു. മതിലിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കോർപറേഷനെ സമീപിച്ചിരുന്നതായി പരിസരവാസികൾ അറിയിച്ചു. അവർ വഖഫ് ബോർഡിനെ സമീപിക്കാൻ നിർദേശിച്ചു. വഖഫ് ബോർഡ് പലതവണ ബന്ധപ്പെട്ടവരെ വിവരമറിയിച്ചിട്ടും നടപടിയുണ്ടായില്ല. നിരവധി തവണ ശ്രമിച്ചിട്ടും നടപടിയാവാതെ ഒടുവിൽ വഖഫ് ബോർഡ് കൈമലർത്തിയെന്നു പറയുന്നു. വില്ലേജ് ഓഫിസിൽ ബന്ധപ്പെട്ടപ്പോൾ അവരും കൈയൊഴിഞ്ഞു.
ഇടിഞ്ഞുവീണ മതിലിന്റെ പാതി ഭാഗം ടെലിഫോൺ, വൈദ്യുതി പോസ്റ്റിൽ തട്ടിനിൽക്കുകയാണ്. ഒരാളുടെ പൊക്കത്തിലുള്ള മതിലിനരികിലൂടെ ജീവൻ പണയംവെച്ച് വേണം പോകാൻ. ഒരു മീറ്ററിലേറെ വീതിയുള്ള റോഡിൽ മതിൽ വീണാൽ മാറിനിൽക്കാൻ വേണ്ട സ്ഥലമില്ല. 24 മണിക്കൂറും വലിയങ്ങാടിക്കും കുറ്റിച്ചിറക്കുമിടയിൽ ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും സഞ്ചരിക്കുന്ന പാതയാണിത്. അത്യാവശ്യത്തിനുള്ള ഓട്ടോകളും ഇതുവഴി കടന്നുപോവുന്നു.
പലതവണ പരാതി പറഞ്ഞിട്ടും കുഴികൾ നിറഞ്ഞ പാത നന്നാക്കാനുള്ള നടപടിയുണ്ടായില്ല. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വികസന ഫണ്ടിൽനിന്ന് ഈയിടെ 25 ലക്ഷം റോഡ് നന്നാക്കാൻ അനുവദിച്ചുവെങ്കിലും തുക മതിയാവില്ലെന്നാണ് പരിസരവാസികളുടെ പരാതി. രണ്ടാംഘട്ടം തുക അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. കുറ്റിച്ചിറ, വലിയങ്ങാടി, ജൈനക്ഷേത്രം, ഹലുവ ബസാർ, തൃക്കോവിൽ ഇടവഴി, വാടിയിൽ മൊയ്തീൻ പള്ളി തുടങ്ങിയവയെല്ലാം ബന്ധിപ്പിക്കുന്ന അര കിലോമീറ്ററോളം ദൂരമുള്ള റോഡിനാണ് ദുർഗതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.