1. തോ​ട്ടി​ൽ ശു​ചി മു​റി മാ​ലി​ന്യം ത​ള്ളി​യ പ്ര​ദേ​ശ​ത്ത് വാ​ർ​ഡ് മെം​ബ​ർ​മാ​രും ബാ​ലു​ശ്ശേ​രി പൊ​ലീ​സും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു 2. ശു​ചി മു​റി മാ​ലി​ന്യം ത​ള്ളി​യ​തി​നെ തു​ട​ർ​ന്ന് എ​ക​രൂ​ൽ ടൗ​ണി​നോ​ട് ചേ​ർ​ന്ന തോ​ട്ടി​ലെ വെ​ള്ളം നി​റം മാ​റി മ​ലി​ന​മാ​യ നി​ല​യി​ൽ

എകരൂൽ ടൗണിലെ തോട്ടിൽ വീണ്ടും ശുചിമുറി മാലിന്യം തള്ളി

എകരൂൽ: ഉണ്ണികുളം പഞ്ചായത്തിലെ എകരൂൽ ടൗണിലെ സംസ്ഥാന പാതയോട് ചേർന്നു കിടക്കുന്ന പള്ളിത്താഴെ ഭാഗത്ത് തോട്ടിലേക്ക് വീണ്ടും ശുചിമുറി മാലിന്യം തള്ളി. പ്രദേശത്ത് പലയിടങ്ങളിലായി രാത്രികളിൽ ശുചിമുറി മാലിന്യവും രാസ വിഷമാലിന്യവും തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. ഇതോയെ ജല സ്രോതസ്സുകൾ മലിനമാവുകയും ദുർഗന്ധവും രൂക്ഷമാവുകയാണ്. കൊതുക്, ഈച്ച ശല്യം വർധിച്ചു. വെള്ളം ഒഴുകുന്ന തോടുകളിലേക്ക് മാലിന്യം തള്ളുന്നത് മൂലം പകർച്ച വ്യാധികളുണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

ആഴ്ചകൾക്ക് മുമ്പും സമീപ പ്രദേശത്ത് വൻതോതിൽ രാസ വിഷ മാലിന്യം തള്ളിയിരുന്നു. അതിനുപുറമേയാണ് സമീപത്തായി വീണ്ടും മാലിന്യം തള്ളിയത്. പ്രധാന തോടുകളിൽ കഴിഞ്ഞ ആഴ്ച രാസ വിഷമാലിന്യം തള്ളിയതിനെ തുടർന്ന് നൂറു കണക്കിന് മത്സ്യങ്ങളും മറ്റു ജലജീവികളും ചത്തുപൊങ്ങിയിരുന്നു. ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ പിടികൂടാത്തതിൽ പൊലീസിനെതിരെയും ജനരോഷം ശക്തമാണ്.

രാത്രികളിൽ വീടുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നു ശേഖരിക്കുന്ന ശുചിമുറി മാലിന്യമാണ് തള്ളുന്നതെന്ന് നാട്ടുകാർ സംശയിക്കുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ അങ്ങാടിയുടെ വിവിധ കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ നടപടി ഉണ്ടാവണമെന്നും ആവശ്യമുയരുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സഫിയ, ബ്ലോക്ക് അംഗം അഭിജിത്ത് ഉണ്ണികുളം, വാർഡ് മെംബർമാരായ എം.കെ. നിജിൽ രാജ്, വി.ടി. ശബരീശൻ, ഉപഭോക്തൃ സമിതി പ്രസിഡന്‍റ് അനിൽകുമാർ എകരൂൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

ആർ.ആർ.ടി മുജീബ്‌ വള്ളിയോത്തിന്‍റെ നേതൃത്വത്തിൽ പ്രദേശത്ത് ബ്ലീച്ചിങ് പൗഡർ വിതറിയിട്ടുണ്ട്. ബാലുശ്ശേരി പൊലീസും സ്ഥലത്തെത്തിയിരുന്നു. മാലിന്യം തള്ളൽ പതിവായതിനെ തുടർന്ന് ടൗൺ വികസന സമിതിയുടെ അടിയന്തരയോഗം ബുധനാഴ്ച വൈകിട്ട് അഞ്ചിന് എകരൂൽ വ്യാപാര ഭവനിൽ ചേരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Toilet waste dumped in a stream in Ekarul Town again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.