കോഴിക്കോട്: ജില്ല ഗവ. ജനറൽ (ബീച്ച്) ആശുപത്രിയിൽ ടോക്കണെടുക്കാനും ബിൽ അടക്കാനും രോഗികളുടെ കാത്തുനിൽപ് ദുരിതം വാർത്തയായതോടെ രണ്ടു അധിക കൗണ്ടറുകൾ കൂടി ആരംഭിച്ചു. ഒ.പി ടോക്കൺ എടുക്കുന്നതിന് ഒരു കൗണ്ടറും എച്ച്.ഡി.എസ് ബിൽ അടക്കുന്നതിന് ഒരു കൗണ്ടറുമാണ് ആരംഭിച്ചത്. ഒ.പി ടോക്കൺ എടുക്കാനും വിവിധ പരിശോധനകൾക്ക് ബിൽ അടക്കുന്ന എച്ച്.ഡി.എസ് ബില്ലിങ് കൗണ്ടറിലും രോഗികൾ മണിക്കൂറുകൾ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.
ഇത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ ഒ.പി ടോക്കൺ കൗണ്ടറിൽ പുതുതായി ആരംഭിച്ച ഒ.പി കൗണ്ടറിൽ കുട്ടികൾക്കുള്ള ടോക്കനാണ് നൽകുക. അടുത്ത ദിവസം മുതൽ ഗർഭിണികളുടെ ടോക്കണും ഈ കൗണ്ടർ വഴിയാക്കാനാണ് ആലോചന. എച്ച്.ഡി.എസ് ബിൽ അടക്കുന്നതിന് ലബോറട്ടറി ബ്ലോക്കിലാണ് പുതിയ കൗണ്ടർ തുറന്നത്. ഇതോടെ തിരക്കിന് അൽപം ആശ്വാസമായി.
ദിനം പ്രതി എത്തുന്ന രോഗികളുടെ എണ്ണം 2000 കവിയുകയും രോഗികളുടെ വരി ആശുപത്രി കോമ്പൗണ്ടും കടന്ന് റോഡിൽ എത്തുന്നത് നിത്യസംഭവമായിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ തയാറാവാത്തത് വ്യാപക ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.
ഒരുവർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ഒ.പി.ഡി ട്രാൻസ്ഫർമേഷൻ ബ്ലോക്കിലേക്ക് ഒ.പി ടോക്കൺ കൗണ്ടർ മാറ്റാൻ ആശുപത്രി അധികൃതർ തയാറാവാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. ആക്ഷേപം രൂക്ഷമായതോടെ രണ്ടു കൗണ്ടറുകൾ ഒ.പി.ഡി ട്രാൻസ്ഫർമേഷൻ ബ്ലോക്കിലേക്ക് മാറ്റാനും ആശുപത്രി അധികൃതർ നീക്കം തുടങ്ങി. ഇവിടെ രണ്ട് കൗണ്ടർ ആരംഭിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ സ്വകാര്യ കമ്പനിയെ ഏൽപിച്ചതായും വിവരമുണ്ട്.
ഒഫ്താൽമോളജി, പീഡിയാട്രിക്, ഇൻ.ഡി എന്നീ വിഭാഗങ്ങളുടെ ടോക്കൺ മാത്രം ഒ.പി.ഡി ട്രാൻസ്ഫർമേഷൻ ബ്ലോക്കിലേക്ക് മാറ്റാനും മറ്റുള്ളവ നിലവിലെ ബ്ലോക്കിൽത്തന്നെ നിലനിർത്താനുമാണ് ആലോചന. ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ഈ മാസം 13ന് ആശുപത്രി വികസന സമിതി യോഗം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.