ബേപ്പൂർ പുലിമുട്ട് കടൽത്തീരത്ത് അന്താരാഷ്ട്ര ജലമേളയുടെ ഭാഗമായി നടന്ന പട്ടം പറത്തൽ
ബേപ്പൂർ: ബേപ്പൂരിന്റെ കടലിനും കരക്കും ഉത്സവത്തുടിപ്പേകി മൂന്നാമത് അന്താരാഷ്ട്ര ജലമേളക്ക് തുടക്കം.മേൽപ്പരപ്പിലൂടെ ചീറിപ്പാഞ്ഞും ഓളങ്ങളെ തഴുകിയൊഴിഞ്ഞും ജലമേളക്ക് സ്വാഗതമരുളിയപ്പോൾ ആകാശമുയരത്തിൽ പട്ടം പറത്തിയും കൊതിയൂറും ഭക്ഷണം നുകർന്നും ജനങ്ങൾ ഉത്സവത്തെ വരവേറ്റു. ബേപ്പൂർ മറീന കടൽതീരത്ത് മന്ത്രിമാരായ കെ.എൻ. ബാലഗോപാലും വി. ശിവൻകുട്ടിയും ദീപം തെളിച്ചു ഉദ്ഘാടനം നിർവഹിച്ചതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലോത്സവത്തിന്റെ മൂന്നാം സീസണിന് പ്രൗഢഗംഭീര തുടക്കമായി.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കേരളത്തിൽ ആദ്യത്തെ ഡ്രോൺ ഷോ ഡിസംബർ 29ന് ബേപ്പൂർ മേളയിൽ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ, മേയർ ബീന ഫിലിപ്പ്, ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, വിനോദസഞ്ചാര വകുപ്പ് ജോയന്റ് ഡയറക്ടർ ഡി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ഉന്നത ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.
അടുത്ത വർഷം സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രധാന മേഖല ക്രൂയിസ് ഷിപ്പിങ് ആണെന്നും, ബേപ്പൂർ ക്രൂയ്സ് ഷിപ്പിങ് രംഗത്ത് പ്രധാന കേന്ദ്രമായി മാറുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. ഇപ്പോൾ വരുന്നതിലും വലിയ കപ്പലുകൾ വരാൻ ഡ്രഡ്ജിങ് നടത്താനായി ബേപ്പൂർ തുറമുഖത്തിന് സംസ്ഥാന സർക്കാർ പണം അനുവദിച്ചിട്ടുണ്ട്. സാഗർമല പദ്ധതിയിൽ പുതിയ വാർഫ് ഉൾപ്പെടെ സമഗ്ര വികസനത്തിനും ഫണ്ടുണ്ട്. 300 മുതൽ 500 പേർ വരെ കയറുന്ന ക്രൂയിസ് കപ്പൽ അടുക്കാനായാൽ ബേപ്പൂർ ഈ രംഗത്തെ പ്രധാന കേന്ദ്രമായി മാറുമെന്നും മന്ത്രി പറഞ്ഞു.
ബേപ്പൂർ: ബേപ്പൂർ അന്താരാഷ്ട്ര ജലമേളയുടെ മൂന്നാം സീസണിന്റെ ഭാഗമായി ബേപ്പൂർ പുലിമുട്ടിന് സമീപം മറീന തീരത്ത് ആകാശം വർണപ്പട്ടങ്ങളാൽ അലംകൃതം. പട്ടം പറത്തലിന്റെ ഭാഗമാകാൻ വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നിരവധി പുതിയ പട്ടങ്ങളും പട്ടം പറത്തൽ വിദഗ്ധരും ബേപ്പൂരിലെത്തിയിരുന്നു.
ഇൻഫ്ലാറ്റബിൾ, സ്പോർട്സ്, പവർ, ട്രെയിൻ, ഷോ കൈറ്റ് തുടങ്ങിയ ഇനങ്ങളിൽപ്പെട്ട ടൈഗർ സ്പൈഡർമാൻ, നീരാളി, ഡ്രാഗൺ, ഫിഷ്, ആമ, താറാവ്, ഇന്ത്യൻ ഫ്ലാഗ് തുടങ്ങിയ പല രൂപങ്ങളിലുള്ള പട്ടങ്ങളാണ് ആകാശത്തുയർത്തിയത്. തുർക്കി, ഫ്രാൻസ്, ന്യൂസിലൻഡ്, വിയറ്റ്നാം, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ 30 വർഷത്തിലേറെയായി പട്ടം പറത്തൽ മേഖലയിലുള്ളവരും ഗുജറാത്ത്, രാജസ്ഥാൻ, ഒഡിഷ, കർണാടക, ലക്ഷദ്വീപ്, കേരളം, പഞ്ചാബ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് പട്ടങ്ങൾ പറത്തിയത്. ഡിസംബർ 29 വരെ ദിവസവും വൈകീട്ട് മൂന്നുമുതൽ മറീന കടൽതീരത്ത് പട്ടങ്ങൾ പറത്തുന്നതിനുള്ള പരിശീലനവും നൽകുമെന്ന് പട്ടം പറത്തലിന് നേതൃത്വം നൽകുന്ന വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുല്ല മാളിയേക്കൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.