കാലാവധി കഴിഞ്ഞു; കാലിക്കറ്റ് സർവ കലാശാലയിലെ താൽക്കാലിക സിൻഡിക്കേറ്റ് നിയമനം എങ്ങുമെത്തിയില്ല

കോഴിക്കോട് : കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റിന്റെ കാലാവധി അവസാനിച്ചിട്ടും താൽക്കാലിക സിൻഡിക്കേറ്റ് നിയമനം അനിശ്ചിതമായി നീളുന്നതായ് കേരള വിദ്യാർഥി ജനത കോഴിക്കോട് ജില്ല കമ്മറ്റി വാർത്താകുറിപ്പിൽ ആരോപിച്ചു. നിലവിലുണ്ടായിരുന്ന സിൻഡിക്കേറ്റ്-സെനറ്റ് എന്നിവയുടെ കാലാവധി കഴി ഞ്ഞ മാർച്ച് ആറിന് അവസാനിച്ചിരുന്നു. എന്നാൽ, ഇതുവരെ സിൻഡിക്കേറ്റിന്റെയും സെനറ്റിന്റേയും ചുമതല ബന്ധപ്പെട്ടവർ ആരേയും അധികാരപ്പടുത്തിയിട്ടില്ല. അതേസമയം കീഴ് വഴക്കമനുസരിച്ച് സിൻഡിക്കേറ്റിന്റെ കാലാവധി അവസാനിച്ചാൽ ഉടൻ തന്നെ ചാൻസലറായ ഗവർണർ പുതിയ സമിതി നിലവിൽ വരുന്നതുവരെ ചുമതലകൾ നിർവഹിക്കാൻ താൽക്കാലിക സമിതി നിയമിക്കുകയാണ് പതിവ്.

സർവകലാശാല നിയമപ്രകാരം സർവകലാശാല ഭരണസമിതി പിരിച്ചുവിടുകയോ, സസ്പെൻഡ് ചെയ്യുകയോ, പിരിയുകയോ ചെയ്താൽ ഒരു താൽക്കാലിക സമിതി രൂപവൽകരിക്കുവാനുള്ള അധികാരം ചാൻസലർ കൂടിയായ ഗവർണറിൽ നിക്ഷിപ്തമാണ്. അക്കാര്യം ചൂണ്ടിക്കാട്ടിയാണ് നിയമസഭയിൽ സമാന്തരമായ മറ്റൊരു സമിതി രൂപവൽകരിക്കുവാനുള്ള ബില്ല് അവതരിപ്പിക്കുന്നതിന് ഗവർണർ അനുമതി നിഷേധിച്ചത്.അടുത്ത സെനറ്റ് വരുന്നതുവരെ നിലവിലുള്ള സെനറ്റ് തുടരാം എന്ന രീതിയിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഹൈകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്ങ്മൂലം വസ്തുതകളെ വളച്ചൊടിക്കുന്നതുമാണ്.

നിയമസഭ പാസാക്കിയ യൂണിവേഴ്സിറ്റി ആക്ട്18(1)ൽ എല്ലാ നാലു വർഷം കൂടുമ്പോഴും സെനറ്റ് പുനസംഘടിപ്പിക്കണമെന്നു വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് ഭരണപരമായ തീരുമാനമെടുക്കാനാവാതെ സർവകലാശാല പ്രവർത്തനം താളം തെറ്റുന്നു. അതെ സമയം സെനറ്റ് പുന:സംഘടിപ്പിക്കുന്നതുവരെ നിലവിലെ സമിതിയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങി സിൻഡിക്കേറ്റ് പുന:സംഘടന നടത്തുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ വൈസ് ചാൻസലർ നിലവിലെ സമിതിക്ക് തുടരാൻ അനുമതി നൽകുകയാണെങ്കിൽ വി.സിയെ എതിർകക്ഷിയാക്കി ഗവർണറേയും,കോടതിയെയും സമീപിക്കുമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കി. എന്നാൽ ജൂ ൺ 30നകം സെനറ്റ് തെരഞ്ഞെടുപ്പ് നടത്തണമെന്ന് സർവകലാശാലയോട് കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. ഈ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം ഉണ്ടാകണമെന്ന് കേരള വിദ്യാർഥിജനതാ കോഴിക്കോട് ജില്ല പ്രസിഡന്റ് എസ്.വി. ഹരി ദേവ്, ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Tags:    
News Summary - The temporary syndicate appointment in the Calicut university

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.