വൈത്തിരി: അവധിദിനങ്ങളിൽ ദേശീയ പാതയിൽ വയനാട് ചുരത്തിൽ രൂക്ഷമാകുന്ന ഗതാഗതക്കുരുക്കിന് യാതൊരു പരിഹാരവുമില്ലാതെ തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വാഹനത്തിരക്കും യാന്ത്രത്തകരാറും വയനാട്-താമരശ്ശേരി ചുരത്തിൽ യാത്ര ദുഷ്കരമാക്കിയെങ്കിൽ ഞായറാഴ്ച അതിന്റെ മൂർധന്യാവസ്ഥയിലെത്തി.
യന്ത്രത്തകരാറുമൂലം ഏഴാം വളവിൽ ചരക്കു ലോറി കുടുങ്ങിയതിനെ തുടർന്ന് മണിക്കൂറുകളാണ് ചുരത്തിൽ ഗതാഗതം തടസപ്പെട്ടത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് ചുരം കയറുകയായിരുന്ന ചരക്കുലോറി വളവിൽ നിന്നുപോയത്. രണ്ട് അവധി ദിനങ്ങൾ ഒന്നിച്ചെത്തിയതോടെ ആയിരക്കണക്കിന് വാഹനങ്ങളാണ് കഴിഞ്ഞ ദിവസം ചുരം കയറിയത്.
രണ്ടാം ശനിയും അതു കഴിഞ്ഞുള്ള വാരാന്ത്യ അവധിക്കും ജില്ലയിലെത്തിയ സഞ്ചാരികളടക്കം ആയിരക്കണക്കിന് യാത്രക്കാർ ഗതാഗതം സ്തംഭിച്ചതോട ചുരത്തിൽ കുടുങ്ങി. അടിവാരം മുതൽ ചുണ്ടേൽ വരെ വാഹനങ്ങളുടെ നിരയാണ് അനുഭവപ്പെട്ടത്. ഹൈവേ പൊലീസും സന്നദ്ധപ്രവർത്തകരും ഗതാഗതം നിയന്ത്രിച്ചെങ്കിലും അടിവാരം പൊലീസിന്റെ സാന്നിധ്യം ചുരത്തിലെവിടെയും കണ്ടില്ലെന്ന് യാത്രക്കാർ ആരോപിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചുരത്തിൽ ഇടക്കിടെ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇന്ധനം തീർന്നും മറ്റും ചുരത്തിൽ ലോറികൾ നിന്നുപോകുന്നതുമൂലം രൂക്ഷമായ കുരുക്ക് അനുഭവപ്പെട്ടുവെങ്കിലും സന്നദ്ധ പ്രവർത്തകരല്ലാതെ പൊലീസിന്റെ സാന്നിധ്യം ഇല്ലാത്തതുമൂലം നിയന്ത്രിക്കാനാരുമില്ലാത്ത അവസ്ഥയാണെന്ന് ഇവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.