വൈത്തിരി: പൊഴുതന, വൈത്തിരി, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ 44 വാർഡുകളടങ്ങിയ വൈത്തിരി ജില്ല പഞ്ചായത്ത് ഡിവിഷൻ രൂപീകരണ കാലം മുതൽ ഒരു തവണ ഒഴികെ എൽ.ഡി.എഫി നൊപ്പമായിരുന്നു. ഡിവിഷനിലെ മൂന്ന് പഞ്ചായത്തുകളും നിലവിൽ ഭരിക്കുന്നതും എൽ.ഡി.എഫ്. വൈത്തിരിയിൽ ആകെയുള്ള 14 വാർഡുകളിൽ 10ലും എൽ.ഡി.എഫാണ്. പൊഴുതനയിലാകട്ടെ 13 വാർഡുകളിൽ എട്ടും വെങ്ങപ്പള്ളിയിലെ 13ൽ ഏഴും എൽ.ഡി.എഫിനൊപ്പമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പൊഴുതന ഡിവിഷനായിരുന്നത് ഇത്തവണ പേര് മാറ്റി വൈത്തിരി എന്നാക്കിയിട്ടുണ്ട്. വനിത (ജനറൽ) സംവരണ ഡിവിഷനാണ് വൈത്തിരി. ഏകദേശം നാൽപ്പത്തി രണ്ടായിരത്തിനടുത്തു വോട്ടർമാരുള്ള ഡിവിഷനിൽ സി.പി.എമ്മിൽ നിന്നുള്ള എൻ.സി. പ്രസാദാണ് നിലവിലെ അംഗം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ കെ.എൽ. പൗലോസിനെ 1500ലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പ്രസാദ് ജയിച്ചു കയറിയത്.
എൽ.ഡി.എഫ് കോട്ടയെന്നാണ് വൈത്തിരി ഡിവിഷൻ അറിയപ്പെടുന്നതെങ്കിലും ഇത്തവണ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് ഇരുമുന്നണികളും സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ ചന്ദ്രിക കൃഷ്ണനും പൊഴുതന പഞ്ചായത്ത് പ്രസിഡന്റ് സി.പി.എമ്മിലെ അനസ് ജോസ്ന സ്റ്റെഫിയും തമ്മിലാണ് പോരാട്ടം. പാർട്ടിയുടെ ജില്ല ഉപാധ്യക്ഷയായ ബി.ജെ.പിയിലെ സബിതയും മത്സര രംഗത്തുണ്ട്.
അനസ് ജോസ്ന സ്റ്റെഫിയുടെ യുവത്വത്തിന്റെ ചുറുചുറുക്കും പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടത്തിയ വികസന നേട്ടങ്ങളും വോട്ടു കണക്കിൽ ഏറെ മുന്നേറ്റമുണ്ടാക്കാമെന്നാണ് എൽ.ഡി.എഫ് കണക്ക് കൂട്ടുന്നത്.
എന്നാൽ, പ്രവർത്തന പരിചയവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റെന്ന നിലയിൽ സുപരിചിതയുമായ മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി കൂടിയായ ചന്ദ്രികാ കൃഷ്ണന് ഇത്തവണ എൽ.ഡി.എഫ് കോട്ട പിടിച്ചെടുക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയാണു യു.ഡിഎഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.