കോഴിക്കോട്: നഗരത്തിൽ സ്വകാര്യ ഏജൻസികൾ സെപ്റ്റിക് മാലിന്യം വീടുകളിൽ നിന്ന് ശേഖരിച്ച് പൊതു ഇടങ്ങളിലും ജലാശയങ്ങളിലും തള്ളുന്നത് തടയാൻ കോർപറേഷൻ. ഇതിനായി സെപ്റ്റിക് മാലിന്യം കോർപറേഷൻ നേരിട്ട് ശേഖരിക്കാനുള്ള പദ്ധതിയൊരുങ്ങി. ദ്രവമാലിന്യം വാഹനങ്ങളിൽ ശേഖരിച്ച് ട്രീറ്റ്മെന്റ് പ്ലാന്റുകളിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള സെപ്റ്റേജ് മാനേജ്മെന്റ് ആൻഡ് മെയിന്റനൻസ് പദ്ധതിയുടെ കരട് നിയമാവലിക്കാണ് കോർപറേഷൻ അംഗീകാരം നൽകിയത്.
നഗരസഭ പരിധിയിൽ ദ്രവമാലിന്യങ്ങളുടെ ശാസ്ത്രീയമായ പരിപാലനവും ജലാശയങ്ങൾ മാലിന്യമുക്തമാക്കലുമാണ് പദ്ധതി ലക്ഷ്യം. സീവേജ് ലൈനുകൾ സ്ഥാപിച്ച് മാലിന്യം ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് എത്തിക്കുന്നതിനും സീവേജ് ലൈനുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ നിന്ന് പ്രത്യേക വാഹനങ്ങളിൽ മാലിന്യം ട്രീറ്റ്മെന്റ് പ്ലാന്റുകളിലെത്തിച്ച് സംസ്കരിക്കുന്നതുമാണ് പദ്ധതി. മാലിന്യം വാഹനങ്ങളിൽ മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ പ്ലാന്റിൽ എത്തിച്ചാണ് സംസ്കരിക്കുക.
ഓൺലൈൻ ആപ് വഴിയാണ് ഗുണഭോക്താക്കൾക്ക് വാഹനങ്ങളുടെ സേവനം ലഭ്യമാക്കുക. ഇതിനായി മൊബൈൽ ആപ് നിർമിക്കും. പ്രത്യേക കളറിലുള്ള വാഹനങ്ങളിൽ ജി.പി.എസ് ഉറപ്പാക്കി വണ്ടികൾ ആദ്യഘട്ടത്തിൽ വാടകക്കെടുക്കും.
കോർപറേഷനിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്കാണ് മാലിന്യം ശേഖരിക്കാൻ അനുമതിയുണ്ടാകുക. ആദ്യഘട്ടത്തിൽ ഇതിനായി 15 വാഹനങ്ങൾ നിരത്തിലിറക്കും. വീടുകൾക്കും ഹോട്ടലുകൾക്കും ആപ് വഴി സേവനം ലഭ്യമാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്നതിനായി കരട് രേഖ കോർപറേഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാനും തീരുമാനമായി. കരട് രേഖയിൽ വിശദമായ ചർച്ചക്ക് ശേഷമാണ് അന്തിമ നിയമാവലിയുണ്ടാക്കുകയെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.