കോഴിക്കോട്: അഞ്ചുവർഷത്തിനിടെ ജില്ലയിലുണ്ടായ വാഹനാപകടങ്ങളിൽ പൊലിഞ്ഞത് 1,526 ജീവനുകൾ. നവംബർ വരെ വിവിധ റോഡുകളിലായുണ്ടായ 19,327 വാഹനാപകടങ്ങളിലാണ് ഇത്രയും പേർക്ക് ജീവൻ നഷ്ടമായത്. 20,951 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഗുരുതര പരിക്കേറ്റ് ജീവച്ഛവമായി ആശുപത്രിയിൽ കഴിയുന്നവരും അംഗഭംഗം സംഭവിച്ചവരും നിരവധിയാണ്. ഇടിച്ചുതെറിപ്പിച്ച വാഹനം കണ്ടെത്താനാവാത്ത കേസുകളും ഏറെയുണ്ട്. ഈ വർഷം നവംബർ വരെ മാത്രം സിറ്റി, റൂറൽ പൊലീസ് പരിധികളിലായി വാഹനാപകടങ്ങളിൽ 288 പേരാണ് മരിച്ചത്.
തൊട്ടടുത്ത വർഷങ്ങളിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മരണനിരക്കിൽ നേരിയ കുറവുണ്ട് എന്നതാണ് ഏക ആശ്വാസം. ബസുകളും ഇരുചക്ര വാഹനങ്ങളുമാണ് ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടാക്കുന്നത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
അമിതവേഗവും മുന്നിലുള്ള വാഹനങ്ങളെ മറികടക്കാനുള്ള വ്യഗ്രതയുമാണ് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപെടാനുള്ള പ്രധാന കാരണം. ഇരുചക്രവാഹനത്തിന് പിന്നിൽ ഹെവി വാഹനങ്ങളിടിച്ചുള്ള അപകടങ്ങളും നിരവധിയുണ്ട്. അത്തരം അപകടങ്ങളിലാണ് കൂടുതൽ പേരും മരണപ്പെട്ടത്.
ബസുകളിൽ കോഴിക്കോട് -കണ്ണൂർ, കോഴിക്കോട്-കുറ്റ്യാടി റൂട്ടിൽ സർവിസ് നടത്തുന്നവയാണ് അപകടങ്ങളുണ്ടാക്കുന്നതിൽ മുന്നിൽ. ഈ റൂട്ടിൽ വലുതും ചെറുതുമായ അപകടങ്ങളില്ലാത്ത ദിവസങ്ങളില്ല. അപകടം തുടർക്കഥയായതോടെ മനുഷ്യാവകാശ കമീഷൻ വരെ ഇടപെട്ടിരുന്നു. തുടർന്ന് അമിതവേഗം നിയന്ത്രിക്കാൻ പൊലീസ് ചില നടപടികളെല്ലാം സ്വീകരിച്ചെങ്കിലും ദിവസങ്ങൾക്കകം എല്ലാം പഴയമട്ടിലായി.
മോട്ടോർ വാഹന വകുപ്പ് വിവിധയിടങ്ങളിൽ സ്ഥാപിച്ച എ.ഐ കാമറകളും ട്രാഫിക് പൊലീസിന്റെ നിരീക്ഷണ കാമറകളും അമിത വേഗമടക്കമുള്ള ഗതാഗത നിയമലംഘനങ്ങളിൽ കർശന നടപടി തുടരുമ്പോഴും വാഹനാപകടങ്ങളിൽ വലിയ കുറവുണ്ടായിട്ടില്ല എന്നതാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.