കോഴിക്കോട് പൗരസമിതിയുടെ ആഭിമുഖ്യത്തിൽ കർഷകസമരത്തിന് ഐക്യദാർഢ്യം
പ്രകടിപ്പിച്ച് നടന്ന റാലി
കോഴിക്കോട്: ഡൽഹിയിൽ നടക്കുന്ന കർഷകസമരം ഇന്ത്യയിലെ തൊഴിലാളി വർഗം ഏറ്റെടുക്കണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് നേതാവ് പി.ടി. ജോൺ. കർഷകസമരത്തിന് ഐക്യദാർഢ്യമറിയിച്ച് കോഴിക്കോട്ട് പൗരസമിതി സംഘടിപ്പിച്ച മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി സംഘടനകൾ മാനാഞ്ചിറയിൽ സമരത്തിൽ പങ്കെടുത്താൽ പോരാ. രാജ്യം സ്തംഭിപ്പിക്കുന്ന സമരത്തിന് എല്ലാ ട്രേഡ് യൂനിയനുകളും ഒരുമിച്ചിറങ്ങണം. 19 മണിക്കൂറിൽ ഒരു കർഷകൻ വീതം സമരമുഖത്ത് രക്തസാക്ഷിയാവുകയാണ്. കമ്പനികൾക്കുവേണ്ടി നിയമമുണ്ടാക്കുന്ന ബനാന റിപ്പബ്ലിക്കായി മാറിയിരിക്കയാണ് രാജ്യം.
കേരളത്തിൽ റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെയും ആക്ടിവിസ്റ്റുകളുടെയും നേതൃത്വത്തിൽ തിരുവനന്തപുരം വിഴിഞ്ഞം തുറമുഖത്തേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിനു പേർ പങ്കെടുത്ത റാലി ഫ്രാൻസിസ് റോഡ് ഗ്രാൻഡ് ഓഡിറ്റോറിയത്തിന് സമീപത്തുനിന്ന് ആരംഭിച്ച് മുഹമ്മദലി കടപ്പുറം, സൗത്ത് ബീച്ച്, ആകാശവാണി വഴി ഗാന്ധി പ്രതിമക്കു മുന്നിൽ സമാപിച്ചു.
പൗരസമിതി ചെയർമാൻ ഇ.വി. ഉസ്മാൻ കോയ അധ്യക്ഷതവഹിച്ചു. കൗൺസിലർമാരായ കെ. മൊയ്തീൻകോയ, എസ്.കെ. അബൂബക്കർ, ഉഷാദേവി ടീച്ചർ, പി. മൊഹ്സിന,അൽഫോൺസ, പി.എം. ഇഖ്ബാൽ, ഫൈസൽ പള്ളിക്കണ്ടി, പി.ടി. ബിച്ചു, പി.എൻ. വലീദ്, പി.ടി. ആസാദ്, ബി.വി. അശ്റഫ്, വി.എസ്. അബൂബക്കർ, എൻ.പി. നൗഷാദ്, സി.കെ. കോയ, എൻ.വി. സുബൈർ, സി.എ. സലിം, കെ.എം. റാഷിദ്, ഐ.പി. ഉസ്മാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.