ദേശാഭിമാനി പത്രത്തിന്റെ 80ാം വാർഷിക പരിപാടികൾ കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി
വിജയൻ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഇടതുപക്ഷ മാധ്യമങ്ങൾക്ക് ഭാരിച്ച ഉത്തരവാദിത്തമാണ് നിർവഹിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശാഭിമാനി പത്രത്തിന്റെ 80ാം വാർഷികപരിപാടികൾ സരോവരം കാലിക്കറ്റ് ട്രേഡ് സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ഐക്യവും ജനങ്ങളുടെ ഒരുമയും പരമാധികാരവും വെല്ലുവിളിക്കപ്പെടുകയാണ്. സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും സോഷ്യലിസ്റ്റ് സങ്കല്‍പവും അടക്കമുള്ള ഭരണഘടനാമൂല്യങ്ങൾ തകർക്കാൻ ശക്തമായ ശ്രമങ്ങൾ നടക്കുന്നു. അതേക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും അണിനിരത്തുകയും ചെയ്യേണ്ടത് ഇടതുപക്ഷ മാധ്യമപ്രവർത്തനത്തിന്റെ മുഖ്യദൗത്യമാണ്. കേരളം ഉയർത്തിപ്പിടിച്ച ബദൽരാഷ്ട്രീയത്തെ ഇന്ന് രാജ്യം ഉറ്റുനോക്കുന്നുണ്ട്. ആ ബദലിനെ തകർക്കണമെന്നത് തീവ്ര വലതുപക്ഷ അജണ്ടയാണ്.
സ്വാതന്ത്ര്യവും ജനാധിപത്യവും മതനിരപേക്ഷതയും നിലനിൽക്കുമ്പോൾ മാത്രമേ മാധ്യമസ്വാതന്ത്ര്യവും നിലനിൽക്കൂവെന്ന് മാധ്യമങ്ങൾ തിരിച്ചറിയണം. എന്നാൽ, ആ ബോധം പല മാധ്യമങ്ങളും മറന്നുപോകുന്നുവെന്ന് പിണറായി പറഞ്ഞു.
ദേശാഭിമാനിയുടെ 80 വർഷങ്ങൾ അടങ്ങുന്ന 'കാലംതുടിച്ച താളുകൾ' എന്ന പുസ്തകം പിണറായി വിജയനിൽനിന്ന് മുഖ്യാതിഥി എം.ടി. വാസുദേവൻ നായർ ഏറ്റുവാങ്ങി. ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷത വഹിച്ചു. ഡയറക്ടറി ജനറൽ മാനേജർ കെ.ജെ. തോമസ്, മുൻ ജീവനക്കാരൻ ടി. കുഞ്ഞിരാമന് നൽകി പ്രകാശിപ്പിച്ചു. മലബാർ ഗോൾഡ് ഗ്രൂപ്പുമായി ചേർന്ന് നടത്തുന്ന റെസ്പോൺസിബിൾ ഫാമിലി പ്രഖ്യാപനം മുഖ്യമന്ത്രി നിർവഹിച്ചു. മലബാർ ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ എം.പി. അഹമ്മദ് പതാക ഏറ്റുവാങ്ങി.
നോവലിസ്റ്റ് പി. വത്സല, ഡോ. ഖദീജ മുംതാസ്, ടി.പി. രാമകൃഷ്ണൻ എം.എൽ.എ, ജോൺ ബ്രിട്ടാസ് എം.പി, ഫുട്ബാൾ താരം ഐ.എം. വിജയൻ, ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം, വനിത കമീഷൻ അധ്യക്ഷ പി. സതീദേവി, ദേശാഭിമാനി വാരിക എഡിറ്റർ ഡോ. കെ.പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു. സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ ഒ.പി. സുരേഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.