ഗേൾസ് ഹോമിലെ അതിക്രമം; പൊലീസ് നടപടികൾ കരുതലോടെ

കോഴിക്കോട്: വെള്ളിമാട്കുന്നിലെ ഗേൾസ് ഹോമിൽ താമസിപ്പിച്ച രാജസ്ഥാൻ പെൺകുട്ടികളെ കാണണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ ഉൾപ്പെട്ട സംഘം നടത്തിയ അതിക്രമത്തിനെതിരെ പൊലീസ് നടപടികൾ കരുതലോടെ. സംഘം പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിഡിയോ പകർത്തുകയും ആശ്വാസ കേന്ദ്രത്തിൽ പട്ടിണിക്കും പീഡനത്തിനും ഇരയാകുന്ന തരത്തിൽ വിഡിയോ നിർമിച്ച് രാജസ്ഥാനിൽ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത വിവാദ സംഭവത്തിലാണ് ചേവായൂർ പൊലീസ് കരുതലോടെ നടപടികൾ സ്വീകരിക്കുന്നത്.

അതിക്രമം സംബന്ധിച്ച് ഗേൾസ് ഹോം സൂപ്രണ്ട് കഴിഞ്ഞദിവസം ചേവായൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പെരുമ്പാവൂരിലെ അനാഥാലയത്തിലേക്ക് കടത്തിക്കൊണ്ടുവരുന്നതിനിടയിൽ ട്രെയ്നിൽനിന്ന് ആർ.പി.എഫ് ജൂലൈ 26ന് രക്ഷപ്പെടുത്തിയ പെൺകുട്ടികളെയാണ് ഗേൾസ് ഹോമിലെത്തിച്ചത്. ഗേൾസ് ഹോമിലെ 28 കുട്ടികളുടെ കൂടെയാണ് രാജസ്ഥാനിൽനിന്ന് കൊണ്ടുവന്ന 12 കുട്ടികളെ താമസിപ്പിച്ചിരുന്നത്. കുട്ടികളെ തിരിച്ചയക്കാൻ രാജസ്ഥാനിലെ ബാൻസുര ശിശുക്ഷേമ സമിതിയുമായി കോഴിക്കോട് ശിശുക്ഷേമ സമിതി ചെയർമാൻ ബന്ധപ്പെടുകയും ജൂലൈ 31ന് ഉത്തരവിടുകയും ചെയ്തിരുന്നു.

ആഗസ്റ്റ് ഒന്നിന് മെഡിക്കൽ പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ ഒരു കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ സുരക്ഷാസൗകര്യമൊരുക്കി കുട്ടികളെ നാട്ടിലെത്തിക്കാൻ ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയോട് സി.ഡബ്ല്യൂ.സി ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഇതിനിടയിലാണ് സ്ത്രീയുൾപ്പെടെ 20 അംഗ സംഘം ഗേൾസ് ഹോമിൽ എത്തിയത്. ഇവർ കുട്ടികളെ ഭയപ്പെടുത്തി നിലവിളിക്കുന്ന വിഡിയോ പകർത്തി. ഈ വിഡിയോ ശ്രദ്ധയിൽപെട്ട രാജസ്ഥാൻ പൊലീസും ശിശുക്ഷേമ സമിതിയും കോഴിക്കോട് പൊലീസുമായും ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു. രക്ഷിതാക്കൾ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബോധ്യപ്പെടുത്തുകയും കുട്ടികൾ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ വിഡിയോകൾ അയച്ചുകൊടുക്കുകയും ചെയ്തു. മെഡിക്കൽ പരിശോധന നടത്തിയ റിപ്പോർട്ടും പൊലീസിന് അയച്ചുകൊടുത്തതോടെ തെറ്റിദ്ധാരണ മാറുകയായിരുന്നു.

സംഘത്തിന്റെ അതിക്രമം ഗേൾസ് ഹോമിലെ മറ്റ് കുട്ടികളുടെ സമാധാനം കെടുത്തുകയും സുരക്ഷിതത്വ പ്രശ്നങ്ങൾ ഉടലെടുക്കുകയും ചെയ്തതായി സി.ഡബ്ല്യൂ.സി ചെയർമാൻ പി. അബ്ദുൽ നാസർ പറഞ്ഞു. വിഡിയോ നിർമിച്ച് പ്രചരിപ്പിച്ചത് ജുവനൈൽ ജസ്റ്റിസ് ആക്ടിന് വിരുദ്ധമാണെന്നും സ്പർധ ഉണ്ടാക്കുന്നരീതിയിലാണ് വിഡിയോ പ്രചരിപ്പിച്ചതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.