കോഴിക്കോട് ലളിതകല അക്കാഡമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച കാര്‍ട്ടൂണിസ്റ്റ് എം.അജയകുമാറിന്റെയും മകന്‍ എം.ശ്രീനന്ദിന്റെയും ചിത്രപ്രദര്‍ശനത്തില്‍ നിന്ന്

കാൻവാസിൽ ചായക്കൂട്ടുകൾ നിറച്ച് ഈ അച്ഛനും മകനും...

കോഴിക്കോട്: കാൻവാസിൽ ചായക്കൂട്ടുകൾ നിറച്ച് ശ്രദ്ധ നേടി അച്ഛനും മകനും. കോഴിക്കോട് ലളിത കല അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രകലാ അധ്യാപകൻ വടകര സ്വദേശി എം. അജയകുമാറിന്‍റെയും മകൻ എം. ശ്രീനന്ദിന്‍റെയും ‘ദൃഷ്ടി’ ചിത്ര പ്രദർശനമാണ് ആസ്വാദകരുടെ ശ്രദ്ധ നേടുന്നത്. ഹാസ്യ കാർട്ടൂണുകളാണ് എം. അജയകുമാറിന്‍റെ വരകളായി പ്രദർശത്തിനുള്ളവയിൽ ഏറെയും. ‘സ്ത്രീധനക്കാര്യം തീരുമാനമായാൽ സേവ് ദി ഡേറ്റ്’ എന്ന് പറയുന്ന കാരണവരോട് ‘ഈ ബന്ധം വേണ്ടച്ഛാ, സേവ് മി ഫ്രം ഡെത്ത്’ എന്ന് പറയുന്ന പെൺകുട്ടിയുടെ കാർട്ടൂൺ അടക്കം നിരവധി സാമൂഹിക പ്രസക്തിയുള്ളവ കൂട്ടത്തിലുണ്ട്.

‘രണ്ട് ദിവസമായി ശരീരത്തിന് ഒരു അലട്ട്’ എന്ന് പറയുന്ന രോഗിയോട്, ‘റെഡ് അലർട്ടോ, ഓറഞ്ച് അലർട്ടോ?’ എന്ന് ചോദിക്കുന്ന ഡോക്ടറുടെ കാർട്ടൂൺ ആസ്വാദകനെ ചിരിപ്പിക്കുന്നു. അക്രിലികിൽ വലിയ കക്കത്തോടിലും മിനി കാൻവാസിലും ഒരുക്കിയ ചെറിയ ചിത്രങ്ങൾ കൗതുകമുണർത്തുന്നു. കേരള ലളിതകലാ അക്കാദമി ഗാലറികളിലും സ്വകാര്യ ഗാലറികളിലും നിരവധി തവണ കാർട്ടൂൺ, ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട് എം. അജയകുമാർ. കാർട്ടൂൺ, കഥ അടക്കം പന്ത്രണ്ടോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഭാരത് സേവ സമാജ് ഏർപ്പെടുത്തിയ മികച്ച ചിത്രകാരനുള്ള ദേശീയ പുരസ്കാരമടക്കം നേടിയിട്ടുണ്ട്.

തലശ്ശേരി സാൻജോസ് മെട്രോപൊളിറ്റൻ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ശ്രീനന്ദ്. ഗോകു, റൊറോനോവ സോറോ തുടങ്ങിയ കഥാപാത്രങ്ങളെ പകർത്തിയ ശ്രീനന്ദിന്‍റെ വരകൾ ശ്രദ്ധേയമാണ്. പ്രത്യേകിച്ച് പരിശീനമൊന്നുമില്ലാതെയാണ് ശ്രീനന്ദ് വരക്കാൻ ആരംഭിച്ചതെന്ന് പിതാവ് എം. അജയകുമാർ പറയുന്നു. തിങ്കളാഴ്ച ആരംഭിച്ച പ്രദർശനം വെള്ളിയാഴ്ച സമാപിക്കും. 

Tags:    
News Summary - This father and son filled the canvas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-22 06:30 GMT