എം.കെ. മുനീർ
നല്ല നാളെയുടെ കോഴിക്കോട്ടുകാരൻ; ഇനി ഭരണപരിഷ്‌കാരത്തിന്റെ അമരക്കാരൻ
കോഴിക്കോട്: നല്ല നാളെയുടെ കോഴിക്കോട്ടുകാരൻ എന്നായിരുന്നു എം.കെ. മുനീർ എന്ന രാഷ്ട്രീയ നേതാവിന്റെ അടിക്കുറിപ്പ്. കോഴിക്കോടിന്റെ മനോഹരായ മാറ്റങ്ങൾ സ്വപ്നം കാണുന്നയാൾ വോട്ട് ചോദിച്ച് ജനങ്ങളുടെ ഇടയിൽ ഇറങ്ങിയ കാലത്താണ് ശ്രദ്ധേയമായ ഈ കാപ്ഷൻ അവതരിപ്പിച്ചത്. പരിഷ്‍കാരങ്ങളെ കുറിച്ച കാഴ്ചപ്പാടുകൾ അദ്ദേഹത്തെ എക്കാലത്തും ശ്രദ്ധേയനാക്കി. അധികാരത്തിൽ ഇരുന്നപ്പോഴെല്ലാം അദ്ദേഹം എല്ലാത്തിലും ഒരു മുനീർ ടെച്ച് കൊണ്ടുവന്നു.
ഒരു കലാകാരൻ രാഷ്ട്രീയനേതാവാവുമ്പോഴുള്ള മാറ്റങ്ങൾ പ്രകടിപ്പിച്ചു. യു.ഡി.എഫ് സർക്കാറിന്റെ ഭരണപരിഷ്കാരസമിതി ചെയർമാൻ പദവിയിലേക്ക് ഈ ജനപ്രിയ നേതാവ് അവരോധിതനാവുമ്പോൾ കോഴിക്കോടിന് അഭിമാനം. ആറ്റുനോറ്റ് അധ്വാനിച്ച വിജയം യു.ഡി.എഫിന് സമ്മാനിച്ച ജില്ലക്ക് ഒരു മന്ത്രിയെ കിട്ടിയില്ലെന്ന പരിഭവത്തിന് പരിഹാരം. കോഴിക്കോട് സൗത്തിൽ ജനവിധി തേടുമെന്ന പ്രതീക്ഷ അവസാനനിമിഷം അട്ടിമറിഞ്ഞുപോയതിന് പുതിയ പദവിയിലൂടെ അനുനയം.
പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, സാമൂഹ്യനീതി വകുപ്പുകൾ കൈകാര്യം ചെയ്ത മുൻകാല പരിചയസമ്പത്ത് ഭരണപരിഷ്‌കാര കമീഷന്റെ പ്രവർത്തനങ്ങൾക്ക് വേഗത കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ സിവിൽ സർവിസിനെ കൂടുതൽ ജനകീയമാക്കുക, ഡിജിറ്റൽ കാലത്തിനനുസരിച്ച് ചട്ടങ്ങൾ ഭേദഗതി ചെയ്യുക തുടങ്ങിയ വലിയ ചുമതലകളാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. ഒരു ഡോക്ടർ എന്ന നിലയിലും, എഴുത്തുകാരനും ഗായകനുമെന്ന നിലയിലും കോഴിക്കോട്ടുകാരുടെ ഹൃദയമിടിപ്പ് അറിഞ്ഞ നേതാവ് കാബിനറ്റ് പദവിയോടെ പുതിയ ദൗത്യമേൽക്കുമ്പോൾ അത് കോഴിക്കോടിന്റെ വികസനക്കുതിപ്പിന് വഴിയൊരുക്കുന്നൊണ് പ്രതീക്ഷ.
മുസ്‌ലിം ലീഗ് രാഷ്ട്രീയത്തിൽ കോഴിക്കോടിന്റെ മുഖമാണ് ഡോ. എം.കെ. മുനീർ. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ രാഷ്ട്രീയ പാരമ്പര്യം നെഞ്ചേറ്റുമ്പോഴും, കോഴിക്കോടിന്റെ മണ്ണിൽ ജനപ്രിയനായ നേതാവാണദ്ദേഹം. കോഴിക്കോട് കോർപറേഷൻ കൗൺസിലറായി ജനപ്രതിനിധി ജീവിതം ആരംഭിച്ച്, കോഴിക്കോട് സൗത്ത് മണ്ഡലത്തെ ദീർഘകാലം നിയമസഭയിൽ പ്രതിനിധീകരിച്ച മുനീർ, മലബാറിലെ ലീഗ് രാഷ്ട്രീയത്തിന്റെ ഏറ്റവും ശക്തവും മതേതരവുമായ മുഖങ്ങളിലൊന്നായാണ് വിശേഷിപ്പിക്കപ്പെടുന്നത്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെയും മുന്നണിയെയും കോഴിക്കോട്ട് നയിക്കാൻ മുന്നിൽ നിൽക്കുന്ന മുനീറിന് അർഹിച്ച അംഗീകാരം കൂടിയായി ഈ പദവി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.