കോഴിക്കോട്: ഉദ്ഘാടനത്തിന് മുമ്പ് കോവിഡ് ആശുപത്രിയായി പ്രവർത്തിച്ച മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ ബ്ലോക്ക് എല്ലാ രോഗികളെയും സ്വീകരിക്കാനൊരുങ്ങുന്നു. ഒരുമാസത്തിനുള്ളിൽ എല്ലാ രോഗികൾക്കുമായി ബ്ലോക്ക് തുറന്നുകൊടുക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അതിനു മുന്നോടിയായി കെട്ടിടത്തിൽ ചികിത്സയിലായിരുന്ന കോവിഡ് രോഗികളെ ഒഴിപ്പിച്ചു. ചികിത്സയിലുണ്ടായിരുന്ന 12 രോഗികളെ സാവിത്രി സാബൂ വാർഡിലേക്കാണ് മാറ്റിയത്.
2016ലാണ് പ്രധാൻമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പദ്ധതിപ്രകാരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ 195 കോടി ഫണ്ട് ഉപയോഗിച്ച് ഏഴ്നിലകളുള്ള പുതിയ അത്യാഹിത വിഭാഗം കോംപ്ലക്സ് നിർമിച്ചത്. 16,263 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ ആധുനിക അത്യാഹിതവിഭാഗം, തിയറ്റർ കോംപ്ലക്സ് തുടങ്ങിയവ ഉൾക്കൊള്ളുന്ന കെട്ടിടമാണ് ഒരുങ്ങിയത്.
അത്യാഹിത വിഭാഗം, സർജിക്കൽ സൂപ്പർ സ്പെഷാലിറ്റികളായ ന്യൂറോ സര്‍ജറി, കാര്‍ഡിയാക് സര്‍ജറി, സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി, യൂറോളജി, അനസ്തേഷ്യ, പ്ലാസ്റ്റിക് സര്‍ജറി എന്നിവയാണ് പുതിയ കെട്ടിടത്തിലേക്ക് മാറുക. 430 കട്ടിലുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കുന്നത്. എം.ആര്.ഐ അടക്കമുള്ള സംവിധാനങ്ങള്‍ അത്യാഹിതവിഭാഗം പ്രവര്‍ത്തിക്കുന്ന താഴെനിലയിൽ തന്നെയുണ്ടാകും. ലാബ്, ഇ.സി.ജി, സ്കാനിങ് എന്നിവയും ഒരുങ്ങി. കൂടാതെ, അത്യാഹിത വിഭാഗത്തില്‍ ഇ.എന്‍.ടി, ഓര്‍ത്തോ തുടങ്ങിയവക്ക് കൂടുതൽ അടിസ്ഥാന സൗകര്യവുമുണ്ടാകും.
കെട്ടിടം ഉദ്ഘാടനത്തോടടുത്തപ്പോഴേക്കും കോവിഡ് വ്യാപിച്ചതാണ് പ്രവർത്തനം തുടങ്ങാൻ ഇത്രയും വൈകിയത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ പുതിയ കെട്ടിടം ജില്ല കോവിഡ് ആശുപത്രിയാക്കി മാറ്റാൻ ജില്ല ഭരണകൂടത്തിന് അനുമതി നൽകുകയായിരുന്നു.
സ്വകാര്യ സ്ഥാപനത്തിന്റെ ഓക്സിജൻ പ്ലാന്റ് വരെ എത്തിച്ചാണ് ജില്ല കോവിഡ് ആശുപത്രിയായി പ്രവർത്തനം ആരംഭിച്ചത്. 500ഓളം കിടക്കകളും തയാറാക്കിയിരുന്നു.
കോവിഡ് രോഗികൾ കുറഞ്ഞതോടെ അത്യാഹിത വിഭാഗം പ്രവർത്തിക്കാൻ സജ്ജമാവുകയാണ്. കോവിഡ് രോഗികൾക്ക് ചികിത്സ നൽകിയതിനാൽ ആശുപത്രി പൂർണമായും അണുമുക്തമാക്കുന്ന നടപടികൾ പുരോഗമിക്കുന്നുണ്ട്. അത്കഴിഞ്ഞാലുടൻ അത്യാഹിതവിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
ഇതോടൊപ്പം റോഡപകടങ്ങളിലും മറ്റും ഗുരുതര പരിക്കേറ്റ് എത്തുന്നവരെ ചികിത്സിക്കുന്നതിനായി 20 കോടിയുടെ ട്രോമാകെയർ ആശുപത്രിയും കോംപ്ലക്സിന് സമീപത്തായി ഒരുങ്ങും. അതിന് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. സാങ്കേതികാനുമതി പെട്ടെന്ന് ലഭ്യമാക്കുന്നതിനായി നടപടി വേണമെന്ന് ചീഫ് എൻജിനീയർക്ക് മന്ത്രിതലത്തിൽ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.