കോഴിക്കോട്: ജില്ല പഞ്ചായത്തിലെ മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ഉപലീഡറുടെ വാർഡിലെ പദ്ധതിക്ക് പാർലമെന്ററി പാർട്ടി ലീഡറുടെ നടപടി പാരയായി. 18ാം വാർഡ് മെംബർ ഷറഫുന്നിസ കിഴക്കോത്ത് പഞ്ചായത്തിൽ ഗ്രൗണ്ട് നിർമിക്കാൻ സമർപ്പിച്ച പദ്ധതിയാണ് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയംഗവും മുസ്ലിം ലീഗ് പാർലമെന്ററി പാർട്ടി ലീഡറുമായ നാസർ എസ്റ്റേറ്റ് മുക്കിന്റെ കത്ത് കാരണം മുടങ്ങിയത്.
15 ലക്ഷം രൂപയുടെ പദ്ധതിക്കാണ് ജില്ല പഞ്ചായത്ത് അനുമതി നൽകിയിരുന്നത്. അതിനുള്ള ഭരണാനുമതിയും സാങ്കേതികാനുമതിയും കഴിഞ്ഞ് ടെൻഡർ നടപടിയുടെ വക്കിലെത്തിയപ്പോഴാണ് ബുധനാഴ്ചത്തെ ജില്ല പഞ്ചായത്ത് ഭരണസമിതി യോഗം പദ്ധതി തള്ളിയത്.
ഇതിന്റെ പേരിൽ യോഗത്തിൽ ഷറഫുന്നിസ ഉൾപ്പെടെ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധമറിയിച്ചപ്പോഴാണ് പദ്ധതി തള്ളാൻ കാരണമായത്. പൊതുമരാമത്ത് ഓൺ ഫണ്ട് ഉപയോഗിച്ചാണ് ഷറഫുന്നിസ ഗ്രൗണ്ടിന് തുക പാസാക്കിയത്.
കായിക പദ്ധതി ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ കീഴിൽ വരുന്നതിനാൽ സമിതി യോഗത്തിൽ നാസർ എസ്റ്റേറ്റ് മുക്ക് പദ്ധതിയെ എതിർത്തു. ഇതുവെച്ചാണ് ജില്ല പഞ്ചായത്ത് മുസ് ലിം ലീഗ് അംഗത്തിന്റെ പദ്ധതി തള്ളിയത്.
ഇതോടെ ഇല്ലാതായത് ജില്ല പഞ്ചായത്തിന്റെ ഈ സാമ്പത്തിക വർഷത്തിലെ ഏക കളിക്കളം പദ്ധതിയാണെന്ന് ഷറഫുന്നിസ ടീച്ചർ പറഞ്ഞു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം കൂടിയായ ഷറഫുന്നിസ ടീച്ചർ പദ്ധതി തള്ളിയ വിവരം അറിയുന്നത് ഭരണസമിതി യോഗത്തിലായതും വിമർശനത്തിനിടയാക്കി.
മെംബർ അറിയാതെയാണ് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി പദ്ധതി റദ്ദാക്കിയത്. കായികമേഖലയുടെ വികസനത്തിന് ജില്ല പഞ്ചായത്ത് ഒരു കോടി രൂപ നീക്കിവെച്ചിരുന്നു. പിന്നീട് അത് റദ്ദാക്കി. എന്നാൽ പൊതുമരാമത്ത് ഓൺഫണ്ട് ഉപയോഗിച്ച് ഏതു വികസനപദ്ധതിയും നടപ്പാക്കാമെന്നതിനാലാണ് കളിക്കളത്തിന് പദ്ധതി തയാറാക്കിയത് എന്ന് ഷറഫുന്നിസ ടീച്ചർ പറഞ്ഞു.
ഗ്രൗണ്ട് പദ്ധതി ആരോഗ്യ സ്ഥിരംസമിതിയുടെ പരിഗണനക്ക് വരേണ്ടതാണെന്നും അങ്ങനെ വരാത്തതിനാലാണ് പദ്ധതിയെ എതിർത്തതെന്നുമായിരുന്നു നാസർ എസ്റ്റേറ്റ് മുക്കിന്റെ വിശദീകരണം. ഭരണസമിതി നടപടി ശരിയായില്ലെന്ന് യു.ഡി.എഫിലെ ഐ.പി. രാജേഷ്, ബോസ്ജേക്കബ് എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.