ബഷീറിന്‍റെ ‘ആകാശമിഠായി’ നാളെ നാടിന് സമര്‍പ്പിക്കും

ബേപ്പൂർ: മലയാളത്തിന്റെ വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ സ്മാരകം ‘ആകാശമിഠായി’ ശനിയാഴ്ച നാടിന് സമർപ്പിക്കും. ബേപ്പൂര്‍ ബി.സി റോഡിലെ സ്മാരകത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ലോകമെമ്പാടും വായനക്കാരുള്ള ബേപ്പൂര്‍ സുല്‍ത്താന്റെ ഓര്‍മകള്‍ക്കും ബഷീറിയന്‍ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ആസ്വാദനത്തിനുമുള്ള വേദിയായി ‘ആകാശമിഠായി’ മാറുമെന്ന് മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ബഷീര്‍ ഓര്‍മകള്‍ എന്നും നിലനിര്‍ത്തുന്ന രീതിയില്‍ സാഹിത്യോത്സവ വേദിയായി ആകാശമിഠായി മാറണമെന്നാണ് ആഗ്രഹം. സംസ്ഥാന ബജറ്റില്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപനമുണ്ടായ മലബാര്‍ ലിറ്റററി സര്‍ക്യൂട്ടിന്റെ പ്രധാന കേന്ദ്രമായിരിക്കും സ്മാരകം. നാടിന്റെ ദീര്‍ഘകാലത്തെ സ്വപ്‌നമാണ് യാഥാര്‍ഥ്യമാകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട് കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10.07 കോടി രൂപയുടെ പദ്ധതിയാണ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കിയത്. ആധുനിക മാതൃകയില്‍ 11,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ പണിത ഇരുനില കെട്ടിടത്തില്‍ കോണ്‍ഫറന്‍സ് ഹാള്‍, കഫത്തീരിയ, ശുചിമുറി, ഓപണ്‍ സ്റ്റേജ്, കരകൗശല അലങ്കാര വസ്തുക്കളുടെ വില്‍പന കേന്ദ്രം എന്നിവയും ഒരുക്കിയിട്ടുണ്ട്. കൂടാതെ ലാന്‍ഡ്‌സ്‌കേപ്പിങ്, ലൈറ്റിങ് പ്രവൃത്തികളും ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയായതായി മന്ത്രി അറിയിച്ചു.

ഫെയ്‌സ് ആര്‍ട്ട് ആര്‍ക്കിടെക്റ്റ്‌സ് ഡിസൈന്‍ ചെയ്ത കെട്ടിടത്തിന്റെ നിര്‍മാണം ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് നടത്തിയത്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങൾക്ക് 10 കോടി രൂപയുടെ ഭരണാനുമതി ടൂറിസം വകുപ്പ് നല്‍കിയിട്ടുണ്ട്. ബഷീര്‍ ആര്‍ക്കൈവ്‌സ്, ലൈബ്രറി, അക്ഷരത്തോട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. വാര്‍ത്തസമ്മേളനത്തില്‍ ടൂറിസം വകുപ്പ് ജോയന്റ് ഡയറക്ടര്‍ ഡി. ഗിരീഷ്‌കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.  

Tags:    
News Summary - Basheer's 'Akashamithai' to be presented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.